മാറഞ്ചേരി കുണ്ടുകടവ് പുഴ പുറമ്പോക്കിലെ വീടുകൾ
പാലം നിർമാണം: കുണ്ടുകടവ് പുഴ പുറമ്പോക്കിലെ വീടുകളൊഴിയാൻ നോട്ടീസ്
മാറഞ്ചേരി: മാറഞ്ചേരി കുണ്ടുകടവിൽ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന കുടുംബങ്ങളോട് അടിയന്തിരമായി ഒഴിയാൻ നോട്ടീസ് നൽകി. പുതിയ പാലം നിർമാണത്തിന്റെ ഭാഗമായാണ് പി.ഡബ്ല്യു.ഡിയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ്. ഒരാഴ്ചക്കുള്ളിൽ ഒഴിയണമെന്നാണ് നിർദേശം. പത്തോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ച് വരുന്നത്.
പാലം പണിക്ക് മുന്നോടിയായി മണ്ണ് പരിശോധന തുടങ്ങിയത് മുതൽ ഭൂമി ഒഴിയണമെന്ന് അധികൃതർ കുടുംബങ്ങളെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് മുൻ സ്പീക്കറും എം.എൽ.എയുമായിരുന്ന പി. ശ്രീരാമകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നു. ഇവരെ പുനരധിവാസിപ്പിക്കാൻ ഡോ.മുഹമ്മദ് ബിൻ അഹമ്മദ് വടമുക്കിൽ ഭൂമി നൽകിയെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഈ ഭൂമി പഞ്ചായത്തിന് കൈമാറിയിട്ടില്ല. നിലവിൽ പെരുവഴിയിലാകുമോയെന്ന ആശങ്കയിലാണ് കുടുംബങ്ങൾ.
അതേസമയം കുടുംബങ്ങളെ താൽക്കാലികമായി വാടക വീടുകളിലേക്ക് മാറ്റുമെന്നും ശേഷം പുനരധിവസിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്നും പി. നന്ദകുമാർ എം.എൽ.എ അറിയിച്ചിട്ടുണ്ട്. കാലങ്ങളായി താമസിച്ചു വരുന്ന കുടുംബങ്ങളെ വഴിയാധാരമാക്കാൻ സമ്മതിക്കില്ലെന്ന് സ്ഥലം സന്ദർശിച്ച മാറഞ്ചേരി പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ അറിയിച്ചു. അംഗങ്ങളായ ടി. മാധവൻ, ഹിളർ കാഞ്ഞിരമുക്ക്, അഡ്വ കെ.എ. ബക്കർ, ഉബൈദ്, അബ്ദുൾ ഗഫൂർ, സംഗീത രാജൻ, സുലൈഖ റസാഖ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.