വികസനത്തിന് രാഷ്ട്രീയമില്ല... മലപ്പുറം കലക്ടറേറ്റിൽ നടന്ന ജില്ല ഇന്ഫ്രാസ്ട്രെക്ച്ചര് കോഓഡിനേഷന്‍ കമ്മിറ്റി യോഗത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനോട് മണ്ഡലത്തിലെ വിഷയങ്ങൾ ഉന്നയിക്കുന്ന ടി.വി. ഇബ്രാഹിം എം.എൽ.എ. എം.എൽ.എമാരായ പി. നന്ദകുമാർ, ആബിദ് ഹുസൈൻ തങ്ങൾ, എ.പി. അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് ജോ. സെക്രട്ടറി സാംബശിവറാവു എന്നിവർ സമീപം
മലപ്പുറം: ജില്ലയിലെ പ്രധാന വികസന പദ്ധതിയായ നാടുകാണി -പരപ്പനങ്ങാടി പാത നവീകരണ പ്രവൃത്തി കാലതാമസമില്ലാതെ പൂര്‍ത്തീകരിക്കും. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിെൻറ അധ്യക്ഷതയിൽ ചേർന്ന ജില്ലതല അടിസ്ഥാന സൗകര്യ കോഓഡിനേഷൻ കമ്മിറ്റി (ഡി.െഎ.സി.സി) യോഗത്തിലാണ് തീരുമാനം. പ്രവൃത്തിയുടെ ഏകോപനത്തിനും തുടര്‍ നടപടികള്‍ക്കുമായി ജില്ല വികസന കമീഷണര്‍ എസ്. പ്രേം കൃഷ്ണനെ നോഡല്‍ ഓഫിസറായി നിയോഗിച്ചു. പാത നവീകരണ പ്രവൃത്തി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് എത്രയുംവേഗം സമര്‍പ്പിക്കാന്‍ നോഡല്‍ ഓഫിസര്‍ക്ക് മന്ത്രി നിർദേശം നൽകി. പ്രവൃത്തി ആരംഭിച്ച് വർഷങ്ങളായിട്ടും ഇഴഞ്ഞുനീങ്ങുന്ന പദ്ധതിയാണിത്. ഏഴ് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന പ്രധാന റോഡ് കൂടിയാണിത്.
ആവശ്യങ്ങളുമായി എം.എൽ.എമാർ
പദ്ധതികളുടെ കാലതാമസം ഉൾപ്പെടെ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. 16 മണ്ഡലങ്ങളിലെ 15 പേരും യോഗത്തിനെത്തി വികസന പ്രശ്നങ്ങൾ ഉന്നയിച്ചു.
മന്ത്രി വി. അബ്ദുറഹ്മാൻ മാത്രമാണ് സംബന്ധിക്കാതിരുന്നത്. റോഡ് അറ്റകുറ്റപ്പണികൾ നീളുന്നതും വിവിധ വകുപ്പുകളുമായുള്ള പ്രശ്നങ്ങളും ചർച്ചയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.ടി. ജലീൽ, എ.പി. അനില്‍കുമാര്‍, കെ.പി.എ. മജീദ്, ടി.വി. ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍, പി.കെ. ബഷീര്‍, പി. ഉബൈദുല്ല, യു.എ. ലത്തീഫ്, കുറുക്കോളി മൊയ്തീന്, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം തുടങ്ങിയവർ സംബന്ധിച്ചു. വിവിധ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികള്‍ സംബന്ധിച്ച എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എക്സിക്യൂട്ടിവ് എൻജിനീയര്‍ എ.പി.എം അഷ്റഫ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ മറുപടി നല്കി.
മന്ത്രി പറഞ്ഞത്
ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങൾ സംബന്ധിച്ച് ജനങ്ങളില്‍നിന്ന് കൃത്യമായ വിവരം ലഭിക്കുന്നുണ്ടെന്നും പരാതി ലഭിച്ചില്ലെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് പ്രവൃത്തികള്‍ നടക്കുന്നിടങ്ങളില്‍ എൻജിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരും നിര്‍ബന്ധമായും ഉണ്ടാകണം. കൃത്രിമം കാട്ടിയ കരാറുകാരെ നീക്കം ചെയ്താല്‍ വളരെ വേഗം റീ ടെന്‍ഡര്‍ ചെയ്യണം.
പൊതുമരാമത്ത് വകുപ്പ് ജോയൻറ് സെക്രട്ടറി സാംബശിവറാവു, ഡി.െഎ.സി.സി നോഡല്‍ ഓഫിസര്‍ എസ്. സുഹാസ്, ജില്ല വികസന കമീഷണര്‍ എസ്. പ്രേം കൃഷ്ണന്, എ.ഡി.എം എന്‍.എം. മെഹറലി തുടങ്ങിയവര്‍ സംസാരിച്ചു.
വിമാനത്താവള റോഡ് മാതൃകാ റോഡാക്കാൻ മന്ത്രിയുടെ നിർദേശം
മലപ്പുറം: കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ കൊളത്തൂർ ജങ്ഷനിൽ നിന്ന് കോഴിക്കോട് വിമാനത്താവളം വരെയുള്ള രണ്ട് കിലോമീറ്റർ മാതൃകാ റോഡാക്കി മാറ്റാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിെൻറ നിർദേശം.
യോഗത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എയാണ് വിഷയം ഉന്നയിച്ചത്. നവീകരണത്തിന് 12 കോടിയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടുണ്ട്. സാധാരണ പോലെ നിർമിക്കുന്നതിന് പകരം ഹൈദരാബാദ്, ഡൽഹി വിമാനത്താവളങ്ങളിലേക്കുള്ള റോഡ് മാതൃകയിൽ നിർമിക്കാൻ മന്ത്രി നിർദേശിക്കുകയായിരുന്നു.
വിമാനത്താവളത്തിലേക്കുള്ള മറ്റ് റോഡുകൾ അടക്കം ഉൾപ്പെടുത്തി ഒരു പാക്കേജായി നവീകരിക്കാമെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയര്‍ എ.പി.എം. അഷ്റഫ് മറുപടി പറഞ്ഞു. മരങ്ങൾ ഉൾപ്പെടെ വെച്ചുപിടിപ്പിച്ച് സൗന്ദര്യവത്കരിക്കും. കൂടാതെ, റോഡിെൻറ ഇരുവശത്തും നടപ്പാതയും ഒരുക്കും.
രാമനാട്ടുകരയിൽ നിന്നും കരിപ്പൂർ വരെയുള്ള റോഡ് വികസിപ്പിക്കുന്നതിനുള്ള പദ്ധതി എസ്റ്റിേമറ്റ് തയാറാക്കി ധനകാര്യ വകുപ്പിന് നൽകിയിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. 12 കിലോമീറ്റർ റോഡ് നാലുവരിയാക്കുന്നതാണ് പദ്ധതി.
വനംഉദ്യോഗസ്ഥർ എത്തിയില്ല,കെ.എസ്.ഇ.ബി എ.ഇ മാത്രം
വനംവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പെങ്കടുത്തില്ല. കെ.എസ്.ഇ.ബിയിൽ നിന്ന് അസി. എൻജിനീയർ മാത്രമാണ് പെങ്കടുത്തത്. ഇതിനെതിരെയും വിമർശനം ഉയർന്നു. വനംവകുപ്പുമായി ബന്ധപ്പെട്ട് പി.വി. അൻവർ എം.എൽ.എ ആക്ഷേപം ഉന്നയിച്ചപ്പോഴാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്താത്തത് ചർച്ചയായത്. മറ്റു ജില്ലകളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥർ പെങ്കടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ജില്ലയിലെ മൂന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരെയും യോഗം സംബന്ധിച്ച് അറിയിച്ചിരുന്നു. എ.ഇയാണോ സുപ്രധാന യോഗത്തിൽ സംബന്ധിക്കുന്നതെന്ന് നോഡൽ ഒാഫിസറായ സുഹാസും ചോദിച്ചു.
വനംവകുപ്പിനെതിരെ പി.വി. അൻവർ
വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണുേമ്പാൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് കാൽ വിറക്കുന്ന അവസ്ഥയാണെന്ന് പി.വി. അൻവർ എം.എൽ.എ. നിലമ്പൂർ മണ്ഡലത്തിലെ 80 ശതമാനം റോഡുകളും വനംവകുപ്പിന് കീഴിലാകുന്ന അവസ്ഥയാണ്. ഇങ്ങനെയാെണങ്കിൽ ഭാവിയിൽ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ ഒന്നും ഉണ്ടാകില്ല. വനംവകുപ്പിെൻറ തടസ്സംകൊണ്ട് മണ്ഡലത്തിൽ പ്രവൃത്തി മുടങ്ങുന്ന സാഹചര്യമാണ്. അവരുടെ സർവേയർ വന്ന് സ്ഥലം പരിശോധിച്ച് അവരുടെ കീഴിലേക്ക് മാറ്റുകയാെണന്നും അൻവർ ആരോപിച്ചു. എം.എൽ.എയുടെ ആരോപണം ശരിയാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറും പറഞ്ഞു. പ്രശ്ന പരിഹാരം കാണണമെങ്കിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ യോഗത്തിൽ പെങ്കടുപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
തീരുമാനങ്ങൾ, നിർദേശങ്ങൾ
മലയോര, തീരേദശ പാതകളുടെ പ്രവൃത്തി പൂർത്തീകരണത്തിനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിക്കും
വളാഞ്ചേരി, കോട്ടക്കല്‍ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ കാര്യക്ഷമമായ നടപടി
എല്ലാ മാസവും ജില്ല ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോഓഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എം.എല്‍.എമാരെ അറിയിക്കണം
ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെ കാലയളവില്‍ എം.എല്‍.എമാരെ പങ്കെടുപ്പിച്ച് ഡിഫക്ട് ലയബിലിറ്റി പിരീഡ് പ്രസിദ്ധീകരിക്കും
െറസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിങ് കാര്യക്ഷമവും സൗകര്യപ്രദവുമാക്കും
എടപ്പാള്‍ മേല്‍പാല നിര്‍മാണം മഴ മാറിയാല്‍ അഞ്ചുദിവസത്തിനകം പൂര്‍ത്തീകരിക്കും
നിലമ്പൂർ റവന്യൂ ടവർ കെ.എസ്.ഇ.ബിയുടെ അനുമതികൂടി ലഭിച്ചാൽ തുറക്കാനാകും
കൊണ്ടോട്ടി - എടവണ്ണപ്പാറ - അരീക്കോട് റോഡ് നവീകരണം ഉടൻ
മക്കരപറമ്പ് ബൈപാസ് നടപടികൾ കേന്ദ്ര നിർദേശപ്രകാരം നിർത്തി
അങ്ങാടിപ്പുറം -വളാഞ്ചേരി റോഡ് അറ്റകുറ്റപ്രവൃത്തി ഉടൻ
മാനത്തുമംഗലം ബൈപാസ് അലൈൻമെൻറ് മാറ്റിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.