പരിയാപുരത്ത് വീട് കുത്തിത്തുറന്ന് സ്വർണം കവർന്ന പ്രതിയെ തെളിവെടുപ്പിന് എത്തിച്ചതറിഞ്ഞ് തടിച്ചുകൂടിയവർ
പെരിന്തൽമണ്ണ: സി.സി ടി.വി ദൃശ്യങ്ങളുമായി കവർച്ചക്കേസ് പ്രതി മുവറ്റുപുഴ സ്വദേശി നൗഫലിനെ (37) തേടി പൊലീസ് അലഞ്ഞത് 50 ദിവസത്തിലധികം. കേരളത്തിന് പുറത്ത് തമ്പടിക്കുകയും മോഷണത്തിനായി മാത്രം ഇവിടേക്ക് വരുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു.
അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ടൗണിലും പരിസരങ്ങളിലുമുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചും മുന്‍ കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച സൂചന ലഭിക്കുന്നത്. പക്ഷേ നാടുമായോ വീടുമായോ ഒരുതരത്തിലും ബന്ധപ്പെടാത്ത പ്രതിയെക്കുറിച്ച് അന്വേഷണം നടത്തിയതില്‍ തുമ്പൊന്നും ലഭിക്കാതെ പൊലീസ് വലഞ്ഞിരുന്നു.
പിന്നീട് അന്വേഷണം കേരളത്തിന് പുറത്തേക്ക് നീണ്ടു. ചെന്നൈ, കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനിലും മറ്റും ചിലര്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. ഉത്തരേന്ത്യയിലേക്കുള്ള ലോറികളില്‍ മുമ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്ന നൗഫലിന് ഹിന്ദി, ബംഗ്ള, തമിഴ് തുടങ്ങി അഞ്ച് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനാവുമെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പശ്ചിമബംഗാളിൽനിന്ന് ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തി ചില പ്രത്യേക ദിവസങ്ങളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നതെന്നും മനസ്സിലാക്കിയിരുന്നു.
പൊലീസ് സംഘങ്ങളായി തിരിഞ്ഞ് ഒരു മാസത്തോളം ഉത്തരേന്ത്യന്‍ ട്രെയിനുകളില്‍ മഫ്തിയില്‍ രഹസ്യനിരീക്ഷണം നടത്തി. പ്രതി കേരളത്തിലേക്ക് പുറപ്പെട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഷൊർണൂര്‍, ഒറ്റപ്പാലം, പട്ടാമ്പി റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടർന്ന് പട്ടാമ്പി ടൗണില്‍ പ്രതിയെത്തിയതായി വിവരം ലഭിച്ചതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ഇരുപത്തഞ്ചോളം വീടുകളില്‍ നടന്ന മോഷണങ്ങള്‍ക്ക് തുമ്പുണ്ടാക്കാനായതായും കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു.
അങ്ങാടിപ്പുറം: പരിയാപുരത്ത് മില്ലുംപടിയിൽ വീട് കുത്തിത്തുറന്ന് 72 പവൻ കവർന്ന കേസിലെ പ്രതി നൗഫലിനെ തെളിവെടുപ്പിന് കൊണ്ടുവന്നതറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. ബുധനാഴ്ച ഉച്ചക്ക് 12.30നാണ് പ്രതിയെ കൊണ്ടുവന്നത്. വീടിനു സമീപം ഇടവഴിയിൽനിന്ന് പറമ്പിലേക്കും അതിലൂടെ നടന്ന് കവർച്ച നടത്തിയ വീട്ടിലേക്കും എത്തിയത് മതിൽ ചാടിക്കടന്ന് ഇയാൾ പൊലീസിന് കാണിച്ചുകൊടുത്തു.
പുതുപറമ്പില്‍ സിബി ജോസഫിന്റെ ഇരുനില വീട്ടിൽ ജൂൺ 11ന് രാത്രി എട്ടിനാണ് കവർച്ച നടന്നത്. അയൽവീട്ടിൽ വെളിച്ചമുള്ളതിനാൽ രണ്ടുമണിക്കൂർ ഇവിടെ കാത്തിരുന്ന ശേഷമാണ് ചായ്പിലെ പിക്കാസും മഴുവും എടുത്ത് അടുക്കള വാതിൽ തുറന്നത്. മുകൾ നിലയിലും താഴെയുമുള്ള മുറികളിൽ കടന്നതും അടച്ചിട്ട വാതിലുകൾ മഴുവും പിക്കാസും ഉപയോഗിച്ച് കുത്തിത്തുറന്നതും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു.
സമീപത്തെ വാതാച്ചിറ ഫ്രാൻസിസിന്റെ വീടായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. പിന്നീടാണ് സിബിയുടെ വീട് തിരഞ്ഞെടുത്തത്. മോഷണത്തിനെത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിൽ അഴുക്കുപുരണ്ടതിനാൽ മുകൾനിലയിൽനിന്ന് സിബിയുടെ മകന്റെ ഷർട്ടെടുത്തിട്ടാണ് മടങ്ങിയത്. മോഷണത്തിന് വീട് കണ്ടെത്തിയത് പ്രാദേശികമായ ഏതെങ്കിലും വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്ന് പൊലീസ് പറഞ്ഞു. ദീർഘനേരം നടന്നാണ് വീട് കണ്ടെത്താറ്. ഇയാളുടെ സഹായിയും സ്ഥിരമായി ബന്ധം പുലർത്തുന്നതും പട്ടാമ്പി സ്വദേശി ബഷീറുമായാണ്.
അങ്ങാടിപ്പുറം: പൊലീസിന് അടുത്ത ബാധ്യത കളവുമുതൽ കണ്ടെടുക്കൽ. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടുമെന്ന് പൊലീസ് നൽകിയ ഉറപ്പ് പാലിച്ചതിൽ ആശ്വാസമുണ്ടെന്ന് വീട്ടുകാരി റീന പറഞ്ഞു. ജൂൺ 11ന് രാവിലെ 10ന് വീട്ടുടമ സിബിയും ഭാര്യ റീനയും മക്കളുടെ പഠനാവശ്യാർഥം എറണാകുളത്ത് പോയതായിരുന്നു. അന്ന് മടങ്ങാനായില്ല.
അടുത്ത ദിവസം രാവിലെ പൂച്ചകൾക്ക് തീറ്റ നൽകാൻ സമീപം താമസിക്കുന്ന ബന്ധുവിനെ അറിയിച്ചപ്പോഴാണ് കവർച്ച വിവരമറിഞ്ഞത്. അന്ന് വൈകീട്ട് മൂന്നോടെ ഇവർ തിരിച്ചെത്തി. വീട്ടിലെ വാതിലുകളും അലമാരകളും പാടേ തകർത്ത് ഉള്ളത് മുഴുവൻ വാരിവലിച്ചിട്ട് സ്വർണവും പണവും വാച്ചുകളും കവർന്നെങ്കിലും, ഏതെങ്കിലും വിധത്തിലുള്ള അപായപ്പെടുത്തൽ ഉണ്ടാകാത്തതിൽ ആശ്വാസം പങ്കുവെക്കുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.