ദൃശ്യ കൊലക്കേസിെല പ്രതി വിനീഷിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ മുത്തശ്ശി രുഗ്മിണിയമ്മയും കുടുംബാംഗങ്ങളും കാണുന്നു
പെരിന്തൽമണ്ണ: പഠിച്ച് വക്കീലാവണമെന്ന മോഹം ദൃശ്യയുടെ മനസ്സിലെത്തിയത് അമ്മ ദീപയുടെ േജ്യഷ്ഠത്തിയുടെ ഭർത്താവിൽ നിന്നാണ്. താൽപര്യം അങ്ങനെയാണെങ്കിൽ മകൾ പഠിച്ച് വക്കീലാവട്ടെ എന്ന് അച്ഛൻ ബാലചന്ദ്രനും തീരുമാനിച്ചു. കുടുംബത്തിൽ നിന്നൊരാൾ വക്കീലായി കാണണമെന്ന് ദൃശ്യയുടെ ഇളയച്ഛൻമാരും വല്യച്ഛനും മറ്റു കുടുംബാംഗങ്ങളും ആഗ്രഹിച്ചു. ഒടുവിൽ എല്ലാം പൊലിഞ്ഞുപോയതിനെക്കുറിച്ച് ഇളയച്ഛൻ സുബ്രഹ്മണ്യൻ പറഞ്ഞപ്പോൾ പലവട്ടം വിതുമ്പി.
''കണ്ണീരു തോർന്നിട്ടില്ല, ഏടത്തിയമ്മയുടെയും ജ്യേഷ്ഠെൻറയും. നടന്നതൊന്നും വിശ്വസിക്കാനാവുന്നില്ല. കട കത്തിയതോ നഷ്ടങ്ങളുണ്ടായതോ ഒക്കെ സഹിക്കാം, ഞങ്ങളുടെ കുഞ്ഞിനെ തിരിച്ചു കിട്ടില്ലല്ലോ'' എന്നാണ് പ്രതി വിനീഷ് വിനോദിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ സുബ്രഹ്മണ്യൻ ചോദിച്ചത്. കൊലപാതകം തടയുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലായ ദൃശ്യയുടെ സഹോദരി ദേവശ്രീ വെള്ളിയാഴ്ച ആശുപത്രി വിട്ടു. ആശുപത്രി വിടുന്നത് വരെ ചേച്ചിയുടെ മരണം പോലുമറിയിച്ചിരുന്നില്ല.
തെളിവെടുപ്പുവേളയും വീട്ടിൽ ഹൃദയഭേദകമായിരുന്നു. തിരക്കുകളൊന്നുമില്ലാതെ തനിച്ച് അയാളെയൊന്ന് കാണാൻ വഴിയുണ്ടോ എന്ന് ദൃശ്യയുടെ മുത്തശ്ശി രുഗ്മിണിയമ്മ അന്വേഷിച്ചിരുന്നു. വിശദമായ തെളിവെടുപ്പിനിടെ പ്രതിയെ വീട്ടുകാർക്കായി പൊലീസ് കാണിക്കുകയും ചെയ്തു. രുഗ്മിണിയമ്മയുടെ രണ്ടാമത്തെ മകനാണ് ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രൻ. വ്യാഴാഴ്ച വീട്ടിൽ സാന്ത്വനിപ്പിക്കാനെത്തിയ നജീബ് കാന്തപുരം എം.എൽഎ അടക്കമുള്ളവരെ കണ്ടപ്പോഴും മുത്തശ്ശി പൊട്ടിക്കരഞ്ഞു.
സുഹൃത്തുക്കളും സഹപ്രവർത്തകരും ആശ്വാസവാക്കുകളുമായി എത്തി കൂടെ നിന്നതോടെ ബാലചന്ദ്രൻ സമനില വീണ്ടെടുത്തെങ്കിലും മകളുടെ കൊലപാതകത്തിന് ഭാഗികമായെങ്കിലും സാക്ഷിയായ അമ്മ ദീപക്ക് ഇപ്പോഴും കണ്ണീരു തോർന്നിട്ടില്ല.
പെരിന്തൽമണ്ണ: ഏലംകുളം കൂഴന്തറയിൽ കൊലയാളിയായ യുവാവുമായെത്തി പൊലീസ് െതളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ. രാവിലെ 10.15 ഒാടെയാണ് പൊലീസ് വീട്ടിലെത്തിയത്. അടക്കിപ്പിടിച്ച അമർഷവും സങ്കടവും ഉള്ളിലൊതുക്കി ബന്ധുക്കളും അയൽവാസികളും നടപടികൾക്ക് സാക്ഷികളായി.
പ്രതിയെ എത്തിക്കുന്നതിന് അൽപം മുമ്പ് മലപ്പുറത്തുനിന്നും എം.എസ്.പി സേനയടക്കം വൻ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ഏതെങ്കിലും നിലക്കുള്ള പ്രകോപനമോ കൈയേറ്റമോ ഉണ്ടാവാതിരിക്കാൻ പൊലീസ് ജാഗ്രത പുലർത്തി. പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, അന്വേഷണ ഉദ്യോഗസ്ഥൻ ഇൻസ്പെക്ടർ സജിൻ ശശി, എസ്.ഐ ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
പെരിന്തൽമണ്ണ ടൗണിലെ വ്യാപാര കേന്ദ്രത്തിൽ എത്തിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. പ്രതിയെ പിടികൂടിയ വ്യാഴാഴ്ച പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്നുനില കെട്ടിടത്തിെൻറ മുകളിൽ ഗ്രില്ലിനിടയിലൂടെ കടലാസ് കത്തിച്ച് അകത്തേക്കിട്ടാണ് തീകൊടുത്തതെന്നാണ് പ്രതി നൽകിയ വിവരം.
പെരിന്തൽമണ്ണ: വീട്ടിൽ കയറി യുവതിയെ കൊല ചെയ്തതും പെരിന്തൽമണ്ണയിൽ വ്യാപാര കേന്ദ്രം തീവെച്ചതും അന്വേഷിക്കുക രണ്ട് കേസുകളായി. രണ്ടിലും വെവ്വേറെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രാഥമികമായി ചുമത്തിയത് മൂന്ന് ക്രിമിനൽ വകുപ്പുകളാണ്, ഐ.പി.സി 450, 302, 307 (വീട്ടിൽ അതിക്രമിച്ച് കയറൽ, കൊലപാതകം, കൊലപാതക ശ്രമം). പെരിന്തൽമണ്ണയിലെ വ്യാപാര കേന്ദ്രം കത്തിച്ചതിന് വേറെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വ്യാഴാഴ്ച തന്നെ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അന്യവാര്യമെങ്കിൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങും.
ദൃശ്യയുടെ മാതാവ് ദീപയെ വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ല പ്രതിനിധികൾ സന്ദർശിക്കുന്നു
പെരിന്തൽമണ്ണ: ഏലംകുളം കൂഴന്തറയിൽ കൊലചെയ്യപ്പെട്ട ദൃശ്യയുടെ മാതാവ് ദീപയെയും കുടുംബത്തെയും വിമൻ ജസ്റ്റിസ് ജില്ല നേതാക്കൾ സന്ദർശിച്ചു. ജില്ല പ്രസിഡൻറ് ഫായിസ കരുവാരക്കുണ്ട്, ജില്ല സെക്രട്ടറി രജിത, നസീറ ബാനു, റഹ്മത്ത്, സാബിറ, പ്രേമ, രോഷ്നി തുടങ്ങിയവരായിരുന്നു സംഘത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.