നിലമ്പൂർ - ഷൊർണൂർ റെയിൽപാതയിൽ അങ്ങാടിപ്പുറം വലമ്പൂർ ഏഴുകണ്ണിപ്പാലം. ഇവിടെയാണ് റെയിൽവേ
അണ്ടർപാസ് വരുന്നത്
പെരിന്തൽമണ്ണ: ഷൊർണൂർ - നിലമ്പൂർ റെയിൽവേ പാതയിലെ അങ്ങാടിപ്പുറം പട്ടിക്കാട് റെയിൽവേ ലൈനിൽ അങ്ങാടിപ്പുറം വലമ്പൂർ അണ്ടർപാസ് എസ്റ്റിമേറ്റ് റെയിൽവേ അംഗീകരിച്ചു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും 300 മീറ്റർ മാറിയുള്ള ഏഴുകണ്ണി പാലത്തിന്റെ സമീപം അണ്ടർപാസ് നിർമാണത്തിനാണ് പദ്ധതി. 3,53,87,949 രൂപയുടെ എസ്റ്റിമേറ്റ് ആണ് റെയിൽവേ അംഗീകരിച്ചത്.
ഡെപ്പോസിറ്റ് വർക്ക് ആയി നടത്താൻ ഉദ്ദേശിക്കുന്ന ഈ പ്രവൃത്തിക്ക് സെൻടേജ് ചാർജ് ആയി അടവാക്കിയ 3,17,374 രൂപ കഴിച്ചുള്ള 3,50,70,575 രൂപ അടവാക്കുന്നതിന് വേണ്ടി അങ്ങാടിപ്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് പാലക്കാട് ദക്ഷിണ റെയിൽവേ ഡിവിഷനിൽ എൻജിനീയർ കത്ത് നൽകി. സംഖ്യയിൽ 50 ലക്ഷം രൂപ അങ്ങാടിപ്പുറം പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷം വകയിരുത്തിയിട്ടുണ്ട്. ബാക്കി സംഖ്യ എം.എൽ.എ ഫണ്ടിൽ നിന്നും എം.പി ഫണ്ടിൽ നിന്നും കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്.
മഞ്ഞളാംകുഴി അലി എം.എൽ.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി എന്നിവർ ചാത്തനല്ലൂർ ദേശവാസികളുടെയും ഇതുവഴി യാത്രചെയ്യുന്നവരുടെയും അവശ്യപ്രകാരം സ്ഥലം സന്ദർശിക്കുകയും റെയിൽവേ അധികൃതരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ അണ്ടർപാസിന്റെ പ്രവർത്തികൾ പൂർത്തിയായാൽ പെരിന്തൽമണ്ണ ബൈപ്പാസിൽ നിന്ന് ചിരട്ടമണ്ണയിലൂടെ അങ്ങാടിപ്പുറത്ത് കുറഞ്ഞ സമയം കൊണ്ട് എത്തിച്ചേരാൻ കഴിയും.
മാത്രവുമല്ല, അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിലെ നിരന്തരമായുള്ള ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരവുമാകും. ഒക്ടോബറിൽ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് പ്രവൃത്തി ആരംഭിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പരിസരവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.