വിജീഷ്
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ തള്ളിയിട്ട് രണ്ടേമുക്കാൽ പവന്റെ മാല കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ. കൊളത്തൂര്‍ വെങ്ങാട് വെളുത്തേടത്ത് പറമ്പില്‍ വിജീഷിനെ (36) ആണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് വൈകീട്ടായിരുന്നു സംഭവം. അങ്ങാടിപ്പുറത്ത് ഹോട്ടലിലെ ശുചീകരണ ജീവനക്കാരിയായ മധ്യവയസ്കയുടെ മാലയാണ് കവർന്നത്. ഇവർ ജോലി കഴിഞ്ഞ് റെയില്‍വേ ട്രാക്കിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പിറകെയെത്തി പിടിച്ച് വശത്തേക്ക് തള്ളിയിട്ടാണ് മാല പൊട്ടിച്ചത്. പിറകെ ഓടി ജോലിചെയ്യുന്ന സ്ഥാപനത്തില്‍ പോയി പറഞ്ഞ് ആളെ കൂട്ടി തിരഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നൽകി. പ്രതിയെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അങ്ങാടിപ്പുറം ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ചും ബസ്, ഓട്ടോ ജീവനക്കാരോടും മറ്റും അന്വേഷണം നടത്തി.
തുടർന്ന് പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. സ്ത്രീ ജോലി കഴിഞ്ഞ് വൈകീട്ട് നാലുമണിയോടെ റെയില്‍വേ ട്രാക്കിലൂടെ വീട്ടിലേക്ക് പോകുന്നത് പ്രതി ശ്രദ്ധിക്കാറുണ്ട്. ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചതായും കൂടുതല്‍ ചോദ്യം ചെയ്യാനും കവര്‍ച്ച മുതല്‍ കണ്ടെത്താനും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവി ആര്. വിശ്വനാഥിന്റെ നിർദ്ദേശാനുസരണം രൂപവത്കരിച്ച അന്വേഷണ സംഘത്തിൽ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി പ്രേംജിത്ത്, സി.ഐ. സുമേഷ് സുധാകരന് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ഷിജോ സി. തങ്കച്ചന്, എ.എസ്.ഐ സുരേഷ്, സി.പി.ഒമാരായ സല്മാന്, മിഥുന് എന്നിവരും ഡാന്‍സാഫ് സ്ക്വാഡുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.