പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപാലത്തിലും ടൗണിലും തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും റോഡ് തകർച്ചയും ചൂണ്ടിക്കാട്ടി ഇതുവഴിയുള്ള സ്വകാര്യ ബസുകൾ 26 മുതൽ പണി മുടക്കും. സ്വകാര്യ ബസ് തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. ദേശീയപാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും ബസ് തൊഴിലാളികളും അധികാരികൾക്ക് പലതവണ പരാതി നൽകിയെങ്കിലും ഒരുവിധ പരിഹാരവും ഉണ്ടായിട്ടില്ല.
പെരിന്തൽമണ്ണയിൽനിന്ന് പുറപ്പെടുന്ന മഞ്ചേരി, മലപ്പുറം, കോട്ടക്കൽ, വളാഞ്ചേരി, വലമ്പൂർ, കൂട്ടിൽ എന്നിവിടങ്ങളിലേക്കുള്ള ബസുകളാണ് സർവിസ് നിർത്തുന്നത്. ഉൾപ്രദേശങ്ങളിലേക്കുള്ള മുഴുവൻ സ്വകാര്യ ബസുകളും സർവിസ് നിർത്തിവെക്കും. മേൽപാലത്തിലെ നിലവിലെ കുരുക്കും പാലത്തിന് മുന്നിൽ രൂപപ്പെട്ട വലിയ കുഴികളും കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സർവിസ് സമയക്രമം പാലിച്ച് ഓടാൻ കഴിയുന്നില്ല. നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന വേതനത്തിൽ വലിയ തോതിലുള്ള കുറവും വലിയ മാനസിക സംഘർഷവും നേരിടുന്നു.
ആശുപത്രി നഗരം എന്നറിയപ്പെടുന്ന പെരിന്തൽമണ്ണയിലേക്ക് രോഗികമായി വരുന്ന ആംബുലൻസുകൾക്കും ഇത് വഴി കടന്നുപോകുന്ന ആയിരകണക്കിന് യാത്രക്കാർക്കും നിത്യദുരിതത്തിന് പരിഹാരം കാണേണ്ട ബന്ധപ്പെട്ട അധികാരികൾ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരവുമായി മുന്നോട് പോവാൻ നിർബന്ധിതരായതെന്ന് ബസ് തൊഴിലാളി പ്രതിനിധികൾ അറിയിച്ചു.
അങ്ങാടിപ്പുറം: മേല്‍പാലം അവസാനിക്കുന്നിടത്ത് തുടര്‍ച്ചയായുണ്ടാകുന്ന കുഴികൾ കാരണം വലിയ ഗതാഗതക്കുരുക്ക് തടയാൻ കട്ട പതിക്കൽ പദ്ധതി ആവിഷ്കരിച്ചെങ്കിലും മഴക്ക് മുമ്പ് നടപ്പാക്കിയില്ല. ഈ ഭാഗത്ത് കട്ട പതിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പദ്ധതിക്ക് അഞ്ചുമാസം മുമ്പ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കിയതാണ്.
മാർച്ച് 14ന് ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതാണ്. വേണ്ട സാവകാശം ലഭിച്ചിട്ടും പ്രവൃത്തി തുടങ്ങിയില്ല. എന്നാൽ, പിന്നീട് പദ്ധതി നടപ്പാക്കുന്നത് നീണ്ടുപോയി. ഇതുസംബന്ധിച്ച് പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ, തഹസിൽദാർ, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജൂൺ മൂന്നിന് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്നിരുന്നു. കുറഞ്ഞ ദൂരം മാത്രമാണ് കട്ട പതിക്കാൻ. കുഴികളിൽ വെള്ളം നിന്ന് ഗതാഗതം തകരാറിലായി.
റോഡ് തകർച്ചയും ഗതാഗതക്കുരുക്കും ജനങ്ങൾ നിത്യേന ഉയർത്തുന്നുണ്ട്. ജില്ല കലക്ടറുടെ അനുമതിയോടെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി പ്രവൃത്തി നടത്താനാണ് തീരുമാനം. 25ന് കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേരാനും തീരുമാനിച്ചതാണ്. റോഡിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി തകർന്ന ഭാഗത്ത് കട്ട പതിക്കാൻ ഉടൻ നടപടിയുണ്ടാവുമെന്ന് റോഡ് തകർച്ച സംബന്ധിച്ച് പരാതി ഉന്നയിച്ച നാട്ടുകാരോട് ദേശീയ പാത വിഭാഗം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.