പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം റോഡ് തകർന്ന ഭാഗം ഇന്റർലോക്ക് കട്ട വിരിക്കുന്ന പ്രവൃത്തിക്കായി ഞായറാഴ്ച മുതൽ ഏഴു ദിവസം റോഡ് അടച്ചിടും. പെരിന്തൽമണ്ണയിൽനിന്ന് മലപ്പുറം, മഞ്ചേരി, കോട്ടക്കൽ, വളാഞ്ചേരി എന്നിവിടങ്ങളിലേക്കും തിരിച്ചും സർവിസ് നടത്തുന്ന ബസുകൾക്ക് പുതിയ ക്രമം നിശ്ചയിച്ചിട്ടുണ്ട്.
നിലവിൽ ബസുകൾ രണ്ട് ഭാഗത്തുനിന്ന് അങ്ങാടിപ്പുറം വരെ സർവിസ് നടത്താനാണ് തീരുമാനമെന്നും സമയക്രമം പാലിച്ച് യാത്രക്കാരെയുമായി സർവിസ് നടത്തുമെന്നും ബസ് ഉടമ സംഘം താലൂക്ക് കമ്മിറ്റി അറിയിച്ചു. ഓരാടംപാലം വഴി വലമ്പൂർ, പട്ടിക്കാട് റോഡിലൂടെ പെരിന്തൽമണ്ണയിലെത്തുന്ന റൂട്ട് നിശ്ചയിച്ച് നൽകിയിട്ടുണ്ട്.
എന്നാൽ സമയക്രമം പാലിച്ച് എല്ലാ ബസുകൾക്കും ഈ റൂട്ടിലൂടെ ഓടാൻ കഴിയില്ല. പെരിന്തൽമണ്ണയിൽ എത്തി തുടർന്നും മറ്റു റൂട്ടുകളിലൂടെ സർവിസ് നടത്തേണ്ടവയും അതിലുണ്ട്. ജൂലൈ ആറുമുതൽ 11 വരെ ആറു ദിവസം ചെറുവാഹനങ്ങൾക്ക് മാത്രം റോഡ് തുറന്നു നൽകും.
കോഴിക്കോട് നിന്നും പാലക്കാടേക്കും തിരിച്ചും പോവുന്ന വാഹനങ്ങൾ വള്ളുവമ്പ്രം-മഞ്ചേരി-പാണ്ടിക്കാട് വഴിയും ചെറു വാഹനങ്ങൾ ഓരാടംപാലം-വലമ്പൂർ-പട്ടിക്കാട് റോഡ് വഴിയും കടന്നു പോവണം. കോഴിക്കോട് ഭാഗത്തുനിന്നും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന വാഹനങ്ങൾ ഓരാടംപാലം-ഏറാന്തോട്-തരകൻ സ്കൂൾ റോഡ് വഴി തിരിഞ്ഞ് പോവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.