മങ്കട വെള്ളില വ്യൂ പോയന്റിൽ മിന്നലേറ്റ് മരിച്ച റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ

മങ്കട: ഒരു ഗ്രാമത്തിലെ നാലുപേർ മരിച്ചത് വെള്ളില മലയിൽ എന്ന ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് കുരങ്ങൻ ചോല എന്ന മലഞ്ചെരുവിലെ വ്യൂ പോയിന്റിൽ മരണം മിന്നലിന്റെ രൂപത്തിൽ വന്നത്. 5.30യോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. കേട്ടവരെല്ലാം മഴയെ വകവെക്കാതെ സംഭവസ്ഥലത്തേക്ക് കുതിച്ചു. പൊലീസും ഫയർഫോഴ്സും എത്തി. വൈകുന്നേരത്തോടെ അപകടത്തിൽപ്പെട്ടവരെ മലഞ്ചെരുവിലെ താഴ്ചയിൽനിന്ന് കരകയറ്റി.

മരിച്ച റഹീസും പരിക്കേറ്റ സൽമാനും സഹോദരങ്ങളാണ്. സംഭവത്തിൽപെട്ട ആറുപേരുടെയും വീട് ഒരു കിലോമീറ്റർ പരിധിയിലാണ്. മരണപ്പെട്ട ഫഹദിന്റെ വീട് കുറച്ചകലെ നമ്പൂരിക്കാട് എന്ന പ്രദേശത്താണ്. വെള്ളില മലയിൽ റഹ്മാനിയ ജുമാമസ്ജിദ് പരിസരങ്ങളിലാണ് മിക്കവരുടെയും വീടുകൾ. എല്ലാവരും സുഹൃത്തുക്കളാണ്. മരിച്ച സിയാദിന്റെ പിതാവ് ഗൾഫിലാണ്.

മാതാവ് അപകടം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല. സിയാദിന്റെ വല്യുമ്മയെ ഡയാലിസിസ് ചെയ്യാനായി ഉച്ചക്ക് പെരിന്തൽമണ്ണയിലേക്ക് പോയതാണ്. അവിടെവച്ചാണ് മരണ വിവരം അറിയുന്നത്. രാത്രി എട്ടോടെ വീട്ടിലെത്തിയ മാതാവിന്റെയും വല്യുമ്മയുടെയും കരച്ചിൽ കണ്ടുനിന്നവരുടെ ഉള്ളുലക്കുന്നതായിരുന്നു. സിയാദിന്റെ സഹോദരി ഷിനിയ മേൽമുറിയിൽ എൽ.പി സ്കൂളിൽ അധ്യാപികയാണ്. സഹോദരൻ സിനാൻ ബംഗളൂരുവിൽ പഠിക്കുകയാണ്. മങ്കട ഗവ. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു മുഹമ്മദ് സിയാദ്. പരിക്കേറ്റ സൽമാനെ രാത്രി ഏഴോടെയാണ് അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയത്. കൂട്ടത്തിൽ ഏഴുപേരാണ് ഉണ്ടായിരുന്നതെന്ന് സൽമാനാണ് പറഞ്ഞത്. പ്രദേശത്ത് വേറെയും ആളുകൾ ഉണ്ടായിരുന്നുവെന്നും സൽമാൻ രക്ഷാപ്രവർത്തകരോട് പറഞ്ഞു. 

Tags:    
News Summary - The country lost its friendship.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.