മഞ്ചേരി: സൂപ്പർ ലീഗ് കേരളയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ മലപ്പുറം എഫ്.സിയുടെ ഇടക്കാല മുഖ്യ പരിശീലകനായി ക്ലിയോഫാസ് അലക്‌സിനെ ക്ലബ് മാനേജ്മെന്‍റ് ചുമതലപെടുത്തി. നിലവിൽ എം.എഫ്.സിയുടെ സഹ പരിശീലകൻ കൂടിയാണ് ഇദ്ദേഹം. ഹെഡ് കോച്ച് മിഗ്വേൽ കോറൽ ടൊറൈറയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയതിനെ തുടർന്നാണ് ക്ലബ് ക്ലിയോഫാസ് അലക്സിനെ താൽക്കാലിക മുഖ്യ പരിശീലകനായി നിയമിച്ചത്.
ക്ലിയോഫാസ് അലക്സ്
ആദ്യ സീസണിലും അസിസ്റ്റന്‍റ് കോച്ചായി മലപ്പുറത്തിനൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ക്ലിയോഫസ് അലക്സ് ഐ-ലീഗ് രണ്ടാം ഡിവിഷനിൽ സാറ്റ് തിരൂരിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.എസ്.എൽ ക്ലബ് ചെന്നൈയിൻ എഫ്.സിയുടെ ടെക്നിക്കൽ ഡയറക്ടറും റിസർവ് ടീമിന്‍റെ മുഖ്യ പരിശീലകനുമായിരുന്നു.
മലപ്പുറം: യുവ പരിശീലകൻ ഷരീഫ് ഖാനെ ടീമിന്റെ ടെക്നിക്കൽ അഡ്വൈസറായി നിയമിച്ച് മലപ്പുറം ഫുട്ബാൾ ക്ലബ്. എ.എഫ്.സി എ കോച്ചിങ് ലൈസൻസ് ഉടമയായ ഇദ്ദേഹം മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്. സാങ്കേതിക ഉപദേഷ്ടാവെന്ന നിലയിൽ പ്ലെയർ ഡെവലപ്മെന്‍റിലും പരിശീലന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിലും ഷെരീഫ് ഖാൻ നിർണായക പങ്ക് വഹിക്കുമെന്നും കളിക്കാരനായും പരിശീലകനായും മികച്ച അനുഭവസമ്പത്തുള്ള ഷരീഫ് ഖാൻ ക്ലബിന്റെ ഫുട്ബാൾ ഘടനയെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വം നൽകുമെന്നും ടീം മാനേജ്മെന്‍റ് പറഞ്ഞു.
ഷരീഫ് ഖാൻ
2015 മുതൽ പരിശീലകനായുള്ള യാത്ര ആരംഭിച്ച ഷെരീഫ് ഖാൻ ഗോകുലം കേരള എഫ്.സിയുടെ പുരുഷ-വനിതാ ടീമുകളുടെയും റിസർവ് ടീമിന്‍റെയും പരിശീലകനായിട്ടുണ്ട്. കൂടാതെ കേരള യുനൈറ്റഡ് എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം, സേതു എഫ്.സി തുടങ്ങിയ പ്രമുഖ ക്ലബുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഗോകുലം കേരളയുടെ കൂടെ 2018-19 സീസൺ ഇന്ത്യൻ വുമൺസ് ലീഗും 2020-21 സീസൺ ഐ-ലീഗും ഇദ്ദേഹം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.