മഞ്ചേരി: ആനക്കയത്തിന്‍റെ അധികാരക്കസേരയിൽ എന്നും കാലുനീട്ടി ഇരിക്കുന്നതാണ് യു.ഡി.എഫിന്‍റെ രാഷ്ട്രീയം. അതിൽ വിള്ളൽ വീഴ്ത്താൻ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സാധിച്ചിട്ടില്ല. പഞ്ചായത്തിന്‍റെ ചരിത്രത്തിൽ ഇന്ന് വരെ ഭരണം നടത്തിയത് യു.ഡി.എഫ് മാത്രമാണ്. ഇത്തവണയും ഭരണം തുടരാൻ യു.ഡി.എഫും ശക്തിതെളിയിക്കാൻ എൽ.ഡി.എഫും പോരാട്ട രംഗത്തുണ്ട്.
ബി.ജെ.പി, എസ്.ഡി.പി.ഐ സ്ഥാനാർഥികളും ജനവിധി തേടുന്നു. 1964ൽ രൂപവത്കൃതമായ പഞ്ചായത്തിൽ കെ.വി.എം. ചേക്കുട്ടി ഹാജിയാണ് പ്രഥമ പ്രസിഡന്‍റ്. കഴിഞ്ഞ തവണ അടോട്ട് ചന്ദ്രൻ പ്രസിഡന്‍റായും അനിത മണികണ്ഠൻ വൈസ് പ്രസിഡന്‍റായുള്ള ഭരണസമിതിയാണ് ആനക്കയത്തെ നയിച്ചത്. മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി, അംഗൻവാടികൾ സ്മാർട്ടായി, മാലിന്യ സംസ്കരണ രംഗത്ത് നടത്തിയ പ്രവർത്തനം, മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി പഞ്ചായത്തിനെ നേട്ടത്തിലേക്ക് നയിച്ചു.
വികസന തുടർച്ചക്കായാണ് യു.ഡി.എഫ് വോട്ടുതേടുന്നത്. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കാര്യമായ വികസനം എത്തിയിട്ടില്ലെന്നാണ് എൽ.ഡി.എഫ് പറയുന്നത്. ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് പഞ്ചായത്തിലുള്ളതെന്നും അവർ പറയുന്നു. 23 വാർഡുകളുള്ള പഞ്ചായത്തിൽ 15 സീറ്റ് നേടിയാണ് യു.ഡി.എഫ് കഴിഞ്ഞ തവണ ഭരിച്ചത്. എൽ.ഡി.എഫ് എട്ട് സീറ്റും നേടി. വിഭജനം പൂർത്തിയായതോടെ ഒരു സീറ്റ് വർധിച്ച് വാർഡുകളുടെ എണ്ണം 24 ആയി.
യു.ഡി.എഫ് ധാരണ പ്രകാരം 19 സീറ്റിൽ മുസ്‍ലിം ലീഗും അഞ്ച് സീറ്റിൽ കോൺഗ്രസും മത്സരിക്കുന്നു. എൽ.ഡി.എഫിൽ സി.പി.എം 22 സീറ്റിലും സി.പി.ഐ രണ്ട് സീറ്റിലും മത്സരിക്കുന്നു. ബി.ജെ.പി, എസ്.ഡി.പി.ഐ എന്നിവർ ആറ് വീതം വാർഡുകളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. 24 വാർഡിലായി 64 സ്ഥാനാർഥികൾ രംഗത്തുണ്ട്. 21,499 പുരുഷ വോട്ടർമാരും 22,174 സ്ത്രീ വോട്ടർമാരും ഉൾപ്പടെ 43,673 വോട്ടർമാർ ആനക്കയത്തിന്‍റെ വിധി നിർണയിക്കും.
കക്ഷി നില
യു.ഡി.എഫ് -15
മുസ്‍ലിം ലീഗ് 11
കോൺഗ്രസ് -04
എൽ.ഡി.എഫ് -08
സി.പി.എം -07
സി.പി.ഐ -01
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.