representational image
മഞ്ചേരി: കഞ്ചാവ് കടത്തിയതിന് പൊലീസ് പിടിയിലായ യുവാവിനെ മഞ്ചേരി എന്‍.ഡി.പി.എസ് കോടതി 10 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പൂക്കോട്ടുംപാടം പയമ്പാടന് പൂതിയത്ത് ഷാനവാസിനെയാണ് (34) ജഡ്ജി എന്‍.പി. ജയരാജ് ശിക്ഷിച്ചത്. പിഴയടക്കാത്തപക്ഷം ആറുമാസം അധിക തടവ് അനുഭവിക്കണം. 2021 ജൂലൈ അഞ്ചിനാണ് ഇയാളെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്. അമരമ്പലം സൗത്ത് കോവിലകം പബ്ലിക് റോഡ് ജങ്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൂക്കോട്ടുംപാടം എസ്.ഐ അബ്ദുല്‍ കരീമാണ് പ്രതിയെ പിടികൂടിയത്.
വാണിയമ്പലം ഭാഗത്തുനിന്ന് അഞ്ചാം മൈല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറില്‍നിന്ന് 21.55 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തിരുന്നു. പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സി.എന്‍. സുകുമാരനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനായി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ സത്താര്‍ തലാപ്പില്‍ ഹാജരായി. പ്രതിക്ക് ജാമ്യം ലഭിക്കാതിരുന്നതിനാല്‍ അറസ്റ്റിലായ അന്ന് മുതൽ റിമാൻഡില്‍ കഴിഞ്ഞുവരുകയായിരുന്നു. ഈ കാലാവധി ശിക്ഷയില്‍ ഇളവുചെയ്യാനും കോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.