representative image
വളാഞ്ചേരി: അധിക ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ കുറ്റിപ്പുറം ഉപജില്ലയിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച 1069 കുട്ടികൾക്ക് ഹയർസെക്കൻഡറി പഠനത്തിന് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കാൻ സാധ്യതയില്ല. സി.ബി.എസ്.ഇ മേഖലകളിൽ നിന്നുള്ള കുട്ടികൾ കൂടി തുടർ പഠനത്തിനായി പൊതു വിദ്യാലയങ്ങളിലേക്ക് പ്രവേശനം തേടിയാൽ കൂടുതൽ കുട്ടികൾക്ക് സ്വകാര്യ മേഖലയിലെ സ്കൂളുകളെയോ മറ്റ് കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളേയോ ആശ്രയിക്കേണ്ടി വരും.
കുറ്റിപ്പുറം ഉപജില്ലയിലെ സർക്കാർ, എയ്ഡഡ് ഉൾപ്പെടെയുള്ള 15 പൊതു വിദ്യാലയങ്ങളിൽ നിന്നു മാത്രം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 4845 കുട്ടികളിൽ 4775 പേർ ഉപരിപഠനത്തിന് അർഹത നേടി. ഇവരിൽ 867 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 10 അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നായി 496 കുട്ടികൾ പരീക്ഷ എഴുതുകയും 494 കുട്ടികൾ വിജയിക്കുകയും ചെയ്തു. ഇവരിൽ 144 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
ഉപരിപഠനത്തിന് അർഹത നേടിയ 5269 കുട്ടികളും ഹയർ സെക്കൻഡറി പഠനത്തിന് കുറ്റിപ്പുറം ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളെ മാത്രം ആശ്രയിച്ചാൽ നിരവധി പേർ പുറത്താകും.
12 ഹയർ സെക്കൻഡറികളിലായി ഒന്നാം വർഷ പ്രവേശനത്തിന് 3780 സീറ്റുകൾ മാത്രമേ ഉള്ളൂ. എയ്ഡഡ് സ്കൂളിലെ മാനേജ്മെൻറ് വിഹിതം കൂടി കുറച്ചാൽ മെറിറ്റിൽ പ്രവേശനം ലഭിക്കുന്ന സീറ്റുകളുടെ എണ്ണം ഇതിലും കുറയും. രണ്ട് വൊക്കേഷനൽ ഹയർസെക്കൻഡറിയിലെ വിവിധ കോഴ്സുകളിലായി 420 കുട്ടികൾക്ക് പ്രവേശനത്തിന് അവസരമുണ്ട്. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണം വർധിച്ചതിനാൽ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി എ പ്ലസ് ലഭിച്ച 1011 കുട്ടികളിൽ പലർക്കും ഇഷ്ട വിഷയങ്ങളോ, അവർ ആഗ്രഹിക്കുന്ന സ്കൂളുകളിലോ പ്രവേശനം ലഭിക്കാനും സാധ്യതയില്ല.
സ്വന്തം പഞ്ചായത്തിലെ ഹൈസ്കൂളുകളിൽ പഠനം തെരഞ്ഞെടുക്കാതെ മറ്റ് ഹൈസ്കൂളുകളിൽ പഠിച്ചവർക്ക് പ്ലസ് വൺ പ്രവേശന മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന വെയ്റ്റേജുകളിൽ ഏതെങ്കിലും ഒരെണ്ണം ലഭിക്കുകയുമില്ല.
85 കുട്ടികൾ വിജയിച്ച കരിപ്പോൾ ജി.എച്ച്.എസ്, 144 കുട്ടികൾ വിജയിച്ച ആതവനാട് ജി.എച്ച്.എസ് (പരിധി) എന്നീ സർക്കാർ സ്കൂളുകളിലും 89 കുട്ടികൾ വിജയിച്ച പുളമംഗലം ഇസെഡ്.എം.എച്ച്.എസിലും തുടർപഠനത്തിന് ഹയർ സെക്കൻഡറി വിഭാഗമില്ല. ഈ സ്കൂളുകളിൽ ഹയർ സെക്കൻഡറി ആരംഭിക്കുകയും നിലവിലുള്ള സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കുകയും ചെയ്താൽ കൂടുതൽ കുട്ടികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.