ദേശീയ പൈതൃകപ്പട്ടികയിൽ കരുവാരകുണ്ടും: വിഡിയോ ചിത്രീകരണസംഘം വൈകാതെ ഇവിടെ സന്ദർശിച്ചേക്കും

കരുവാരകുണ്ട്: കേന്ദ്ര സർക്കാറിന്റെ 'എന്റെ ഗ്രാമം എന്റെ പൈതൃകം'പദ്ധതിയിൽ കരുവാരകുണ്ട് പഞ്ചായത്തും. സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷിക ഭാഗമായി കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് 'മേര ഗാവ് മേരി ധരോഹർ'എന്ന പേരിൽ ദേശീയ പൈതൃക ഭൂപടം തയാറാക്കുന്നത്. കേരളത്തിൽ ഇടുക്കിയിലെ മറയൂർ, വയനാട്ടിലെ തിരുനെല്ലി, പാലക്കാട്ടെ അട്ടപ്പാടി എന്നിവ ഉൾപ്പെടെ 16 ഗ്രാമങ്ങളാണ് പ്രാഥമിക പട്ടികയിലുള്ളത്. ഇതിലാണ് മലപ്പുറം ജില്ലയിൽനിന്ന് മംഗലം, കരുവാരകുണ്ട് ഗ്രാമങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ നൂറിലേറെ ഗ്രാമങ്ങൾ പട്ടികയിലുണ്ട്. ചരിത്രപരമായും സാംസ്കാരികമായും ഒട്ടേറെ ശേഷിപ്പുകളുള്ള ഈ ഗ്രാമങ്ങളെക്കുറിച്ച് വീഡിയോ ഫിലിം തയാറാക്കാനും പദ്ധതിയുണ്ട്.

നൂറ്റാണ്ടുകൾക്ക് മുമ്പ് കരുവാരകുണ്ടിൽനിന്ന് ഇരുമ്പയിര് ഖനനം ചെയ്ത് വിദേശ രാജ്യങ്ങളിലേക്ക് വരെ കയറ്റിയയച്ചിരുന്നതായി ചത്രരേഖകളിലുണ്ട്. ഇരുമ്പ് (കരു) വാരിയെടുത്തിരുന്ന കുഴികൾ ധാരാളമുള്ളതിനാലാണ് പ്രദേശത്തിന് ഈ പേര് തന്നെ വന്നത്. കാർഷിക, സാഹിത്യ രംഗങ്ങളിൽ പ്രമുഖരാൽ സമ്പന്നമായിരുന്നു ഈ ദേശം. പ്രദേശത്തിന്റെ ഈ തനിമ നേരിട്ടറിയാനും വിഡിയോ ചിത്രീകരിക്കാനും കേന്ദ്ര സംഘം വൈകാതെ ഇവിടെ സന്ദർശിച്ചേക്കും.

Tags:    
News Summary - Karuvarakundu will be on the National Heritage List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.