Representational Image
കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് മേഖലയിൽ കടുവ സാന്നിധ്യം മാസങ്ങളായി നിലനിൽക്കുന്നതായി നാട്ടുകാർ. മഞ്ഞൾപാറ അമ്പതേക്കർ, മേലേ പാന്ത്രയിലെ റബർ തോട്ടങ്ങൾ എന്നിവിടങ്ങളിൽ പലതവണ തൊഴിലാളികൾ കടുവയെ കണ്ടിട്ടുണ്ട്.
കടുവ ഭക്ഷണമാക്കിയ പന്നികളുടെ ജഡാവശിഷ്ടങ്ങളും പല ഭാഗത്തും കണ്ടു. നിരവധി പേരുടെ വളർത്തുപട്ടികൾ അപ്രത്യക്ഷമായതും കടുവ സാന്നിധ്യത്തിന് തെളിവായി കുടുംബങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ മാർച്ചിൽ കേരള എസ്റ്റേറ്റ് പഴയ കടക്കലിന് സമീപം കുനിയൻമാട്ടിൽ തൊഴിലാളികൾ കടുവയെ നേരിൽ കണ്ടു. ഇതിനെ തുടർന്ന് തെരച്ചിൽ നടത്തിയ വനപാലക സംഘത്തിന് മുന്നിലൂടെ കടുവ ഓടിപ്പോവുകയും ചെയ്തു. ഇങ്ങനെയൊക്കെ ആയിട്ടും വനംവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ല. കൂട് സ്ഥാപിക്കാനോ കാമറകൾ വെക്കാനോ പോലും നടപടിയുണ്ടായില്ല.
കർഷക കൂട്ടായ്മയായ കിഫയുടെ ജില്ല പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ കുരിശുമ്മൂട്ടിൽ പലർക്കും നിവേദനങ്ങൾ നൽകി. ജനവാസ കേന്ദ്രങ്ങളിൽ കടുവ, പുലി എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചാൽ എടുക്കേണ്ട മുന്നൊരുക്കം നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇവയിലൊന്ന് പോലും നിലമ്പൂർ ഡി.എഫ്.ഒ ചെയ്തിട്ടില്ല എന്ന് നിവേദനത്തിൽ കിഫ വ്യക്തമാക്കുന്നു.
റാവുത്തൻകാട്ടിൽ കടുവ ഒരാളെ കൊല്ലുകയും തൊട്ടടുത്ത പോത്തൻകാട്ടിൽ കടുവയുടെ കാൽപാടുകൾ കാണുകയും ചെയ്ത സാഹചര്യത്തിൽ മഞ്ഞൾപാറ, പാന്ത്ര മേഖലകളിലെ തോട്ടം ഉടമകൾ, തൊഴിലാളികൾ, കുടുംബങ്ങൾ എന്നിവർ ഏറെ ഭീതിയിൽ കഴിയേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
വനംവകുപ്പിനെതിരെ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ 23ന് പ്രതിഷേധ മതിൽ ഒരുക്കുന്നുണ്ട്. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തിറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.