ദ്രുതകർമ സേനാംഗങ്ങൾ കുണ്ടോട എസ്റ്റേറ്റിൽ
കരുവാരകുണ്ട്: ഡ്രോൺ പറത്തിയും കാമറകൾ സ്ഥാപിച്ചും നിരീക്ഷണം ശക്തമാക്കുമ്പോഴും കൂടുകളൊരുക്കി ദ്രുത കർമ സേന കാത്തിരിക്കുമ്പോഴും വഴിമാറി നടന്ന് കടുവ. കർഷകൻ കൊല്ലപ്പെട്ട് പത്ത് ദിവസം പിന്നിടുമ്പോൾ കൊന്നതെന്ന് കരുതുന്ന കടുവ കിലോമീറ്ററുകൾ ചുറ്റി നാട്ടിൽ ഭീതി പരത്തുകയാണ്.
റാവുത്തൻകാട്ടിൽനിന്ന് പോത്തൻകാട്ടിലും അവിടെ നിന്ന് ആർത്തലയിലും പിന്നീട് മദാരി എസ്റ്റേറ്റിലുമെത്തിയ കടുവയെ അടുത്ത ദിവസം സുൽത്താന എസ്റ്റേറ്റിലാണ് കാണുന്നത്. തൊട്ടടുത്ത നാൾ കുണ്ടോട എസ്റ്റേറ്റിൽ പ്രത്യക്ഷപ്പെടുന്നു. കടുവയെ കണ്ടു എന്ന വിവരം ലഭിക്കുന്ന ഉടനെ കുതിച്ചെത്തി ദ്രുതകർമ സേന മേഖല അരിച്ചുപെറുക്കും.പക്ഷെ കടുവയെ കാണില്ല. മദാരിയിലും സുൽത്താനയിലും ഇന്നലെ കുണ്ടോടയിലും സംഭവിച്ചത് ഇതാണ്.
അതേസമയം, കടുവയുടെ കാട് ചുറ്റലിൽ എസ്റ്റേറ്റുകൾ നിശ്ചലമാവുകയാണ്. കടുവ കാണപ്പെടുന്ന എസ്റ്റേറ്റുകളിലെല്ലാം ടാപ്പിങ് നിലക്കുകയാണ്. ഇതോടെ അനുബന്ധ തൊഴിലുകളും മുടങ്ങുന്നു. നിരവധി കുടുംബങ്ങളെയാണ് ഇത് പട്ടിണി ഭീതിയിലേക്ക് തള്ളിവിടുന്നത്. വരുമാനം നിലക്കുന്നതിനാൽ തോട്ടം ഉടമകൾക്കും ഒന്നും ചെയ്യാനാവുന്നില്ല. അടക്ക, ജാതി, കുരുമുളക്, തെങ്ങ് പോലുള്ള നാണ്യവിളകൾ കൃഷി ചെയ്യുന്ന ചെറുകിട തോട്ടങ്ങളിലേക്കും പോകാൻ ഉടമകൾ ഭയപ്പെടുകയാണ്.
മലയോരങ്ങളിൽ ഏക്കർ കണക്കിന് ഭൂമി പാട്ടത്തിനെടുത്ത് വാഴ പോലുള്ള കൃഷിയിറക്കുന്ന നിരവധി പേരുണ്ട്. കാട്ടുവിഭവങ്ങൾ ശേഖരിക്കുന്ന ആദിവാസി കുടുംബങ്ങൾ പോലും പുറത്തിറങ്ങാൻ ഭയപ്പെടുന്നു.കഴിഞ്ഞ ദിവസം ആദിവാസി യുവാവാണ് കടുവയെ കണ്ടത്.ഏതു വിധേനയെങ്കിലും ഉടനെ കടുവയെ കൊല്ലുകയോ പിടികൂടുകയോ ചെയ്തില്ലെങ്കിൽ മലയോരം വറുതിയിലാവും. കാലവർഷം കനക്കുമ്പോൾ പ്രത്യേകിച്ചും. പലരും കടുവയുടെ മുന്നിൽ പെടുന്നുവെങ്കിലും അത്യാഹിതങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്.കടുവയെ പിടിക്കാൻ വൈകും തോറും ഇതുകൂടി മുന്നിൽ കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.