മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന സംഘത്തിലെ നാലുപേർ അറസ്റ്റിൽ

മലപ്പുറം: ധനകാര്യ സ്ഥാപനങ്ങളിലും പുതുതലമുറ ബാങ്കുകളിലും മുക്കുപണ്ടം പണയംവെച്ച് പണം തട്ടുന്ന സംഘത്തലവനടക്കം നാലുപേർ അറസ്റ്റിൽ. സംഘത്തലവൻ കൂട്ടിലങ്ങാടി പടിക്കൽ വീട്ടിൽ മുനീർ (42), കൊണ്ടോട്ടി സ്വദേശി യൂസഫ് (42), കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഷമീം (34), സംഘത്തിന് മുക്കുപണ്ടം നിർമിച്ചു കൊടുക്കുന്ന തൃശൂർ സ്വദേശി മണികണ്ഠൻ (54) എന്നിവരെയാണ് മലപ്പുറം പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം മലപ്പുറം മണപ്പുറം ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് ഒന്നര ലക്ഷം രൂപ തട്ടിയ കേസിലും മലപ്പുറം സൂര്യ ഫൈനാൻസിൽനിന്ന് മുക്കുപണ്ടം വെച്ച് 6.5 ലക്ഷം രൂപ തട്ടിയ കേസിലുമാണ് അറസ്റ്റ്.

സംഘത്തലവൻ മുനീറിന്‍റെ പേരിൽ പത്തോളം കേസും മണികണ്ഠന്‍റെ പേരിൽ മുപ്പതോളം കേസും യൂസഫിന്‍റെ പേരിൽ മൂന്നു കേസും നിലവിലുണ്ട്. പണയംവെച്ച് കിട്ടിയ പണം വീണ്ടും മുക്കുപണ്ടം നിർമിക്കാൻ മണികണഠന് അഡ്വാൻസ് നൽകിയിരുന്നു. 50 പവൻ നിർമിക്കാൻ അഡ്വാൻസ് നൽകിയ രണ്ട് ലക്ഷം രൂപ ഉൾപ്പെടെ മൂന്ന് ലക്ഷം രൂപയോളം അന്വേഷണ സംഘം പ്രതികളിൽനിന്ന് കണ്ടെത്തി.

മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അമീറലി, ഗിരീഷ്, എ.എസ്.ഐ സിയാദ് കോട്ട, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ആർ. ഷഹേഷ്, ദിനേഷ്, സലീം, ജസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.

Tags:    
News Summary - Four arrested for money laundering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.