പൊന്നാനി തുറമുഖത്ത്​ നിർത്തിയിട്ട ബോട്ടുകൾ (ചിത്രം: മുസ്​തഫ അബൂബക്കർ)

കണ്ണീർക്കടൽ, ഉള്ളിലും പുറത്തും

''കടലിനക്കരെ പോണോരേ...കാണാപൊന്നിന് പോണോരേ...പോയ് വരുമ്പോൾ എന്ത് കൊണ്ടുവരും'' എന്ന് ചെമ്മീൻ സിനിമക്കായി വയലാർ എഴുതിയിട്ടുണ്ട്. എന്നാൽ, കടലിൽ പോകുന്നവരോട് എന്തുകൊണ്ടുവരും എന്ന് ചോദിച്ചാൽ ഒഴിഞ്ഞ ബോട്ടുമായി തിരിച്ചുവരുമെന്ന്​ ഉടൻ മറുപടി കിട്ടും. കണക്കുകൾ നമ്മോട് പറയുന്നത് അതാണ്.

ലോക്ഡൗൺ, കടൽക്ഷോഭം, കാലാവസ്ഥ മുന്നറിയിപ്പ്, മത്സ്യദൗർലഭ്യം, മീനിന് കുറഞ്ഞ വില, കൂനിൻമേൽ കുരുവായി ഡീസൽ വില വർധനയും. കഴിഞ്ഞ സീസണിൽ ജില്ലയിലെ ബോട്ടുടമകളുടെ ജീവിതം ഇങ്ങനെയായിരുന്നു. ട്രോളിങ് നിരോധനത്തിന് ശേഷം ലഭിച്ച പത്തര മാസത്തിൽ വെറും നാല് മാസം മാത്രമാണ് ഇവർക്ക് കടലിൽ ഇറങ്ങാനായത്. ഫിഷറീസ് വകുപ്പ് കണക്ക് പ്രകാരം രജിസ്​റ്റർ ചെയ്ത 193 ബോട്ടുകളാണ് മത്സ്യബന്ധനത്തിനിറങ്ങുന്നത്.

ഇതിൽ 165ഉം പൊന്നാനി ഫിഷിങ് ഹാർബറിൽ നിന്നാണ്​. താനൂർ ഹാർബറിൽനിന്ന് 28 ബോട്ടുകളാണ് ഇറങ്ങുന്നത്. ദിവസങ്ങളോളം കടലിൽ തങ്ങി മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് പുറമെ ഒന്നോ രണ്ടോ ദിവസം മാത്രം വലയിട്ട്​​ തിരിച്ചെത്തുന്ന ബോട്ടുകളും ജില്ലയിലുണ്ട്. ഇക്കഴിഞ്ഞ സീസണിൽ പകുതി ബോട്ടുകൾ മാത്രമാണ് നഷ്​ടം സഹിച്ചും കടലിലിറങ്ങിയത്. എന്നാൽ ഇവരെല്ലാം നിരാശയോടെ മടങ്ങി. ഒരു ബോട്ട് അറ്റകുറ്റപ്പണി കഴിഞ്ഞ് കടലിലിറക്കാൻ ശരാശരി അഞ്ച് ലക്ഷം രൂപയോളമാണ് ചെലവ്.

രണ്ടു ദിവസത്തെ മത്സ്യബന്ധനത്തിനിറങ്ങുമ്പോൾ 1200 ലിറ്റർ ഡീസലിന് ഒരു ലക്ഷത്തിന് മുകളിൽ രൂപ വേണം. 10,000 രൂപയോളം ഐസിന് വില വരും. തൊഴിലാളികളുടെ ഭക്ഷണത്തിന് ശരാശരി 5000 രൂപ. ബാറ്റ ഇനത്തിൽ ഒരാൾക്ക്​ വീതം 5000 രൂപ. തൊഴിലാളികളുടെ വേതനം വേറെ. ഇങ്ങനെ ലക്ഷങ്ങൾ ചെലവഴിച്ച് കടലിലിറങ്ങുമ്പോൾ തിരികെ കിട്ടുന്നത് നഷ്​ടം മാത്രം. സ്വർണം പണയപ്പെടുത്തിയും വായ്​പയെടുത്തും അറ്റകുറ്റപ്പണി നടത്തി ബോട്ട് കടലിലിറക്കുന്ന ഉടമകളുടെ ചുമലിൽ അവശേഷിക്കുന്നത് വലിയ കടബാധ്യത മാത്രം. ബോട്ടുടമകൾക്ക്​ മാത്രമല്ല, വള്ളക്കാർക്കുമുണ്ട്​ കണ്ണീരുപ്പു നനഞ്ഞ ജീവിതം. അതേ കുറിച്ച്​ നാളെ.

മറ്റുള്ളവർക്ക് ലോക്ഡൗൺ കഴിഞ്ഞു; തീരുന്നില്ലല്ലോ ഞങ്ങളുടെ ദുരിതം

''രണ്ടു വർഷം മുമ്പ് തുടങ്ങിയതാണ് ഈ ദുരിതം. കടത്തിന് മേലെ കടം വന്ന് നിറയുമ്പോഴും കടൽ ചതിക്കില്ലെന്ന വിശ്വാസത്തിലാണ് ഓരോ തവണയും ഇറങ്ങുന്നത്. കടൽ ഒന്ന് കനിയുമ്പോഴേക്ക് ഹാർബർ അടച്ചിടും. എത്ര കാലമിങ്ങനെ പട്ടിണി കിടക്കും.

കോവിഡും അതി​െൻറ ഭാഗമായ നിയന്ത്രണങ്ങളും ഒരുഭാഗത്ത്, കടൽക്ഷോഭവും കാലാവസ്ഥ മുന്നറിയിപ്പും മറ്റൊരു ഭാഗത്ത്. ലോക്ഡൗൺ കഴിഞ്ഞാൽ ജോലിക്കിറങ്ങാമെന്ന പ്രതീക്ഷയാണ് മറ്റു മേഖലയിലുള്ളവർക്ക്. എന്നാൽ കടൽ കൂടി കനിയാതെ ഞങ്ങളുടെ ദുരിതം തീരില്ല​േല്ലാ.'' -പൊന്നാനി ഹാർബറിലെ ബോട്ട് ഉടമയും തൊഴിലാളിയുമായ അഴീക്കൽ സ്വദേശി അലിക്കുഞ്ഞിയുടെ വാക്കുകളിലുണ്ട്​ മത്സ്യത്തൊഴിലാളികളുടെ ​െപാള്ളുന്ന ജീവിതം. മലപ്പുറം ജില്ലയിൽ മത്സ്യബന്ധനത്തിനായി ജീവൻ പണയപ്പെടുത്തി കടലിലിറങ്ങുന്ന ഓരോ തൊഴിലാളിയുടെയും ജീവിതം ഇപ്പോൾ കാറ്റു പിടിച്ച കടൽ പോലെയാണ്​.

ജില്ലയിലെ സമ്പദ്ഘടനയിൽ വലിയൊരു പങ്ക് വഹിക്കുന്ന മത്സ്യമേഖല ഇന്ന് നിലനിൽപ്പിനായുള്ള അതിജീവന സമരത്തിലാണ്. ചുട്ടുപൊള്ളുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയത്തും കുടുംബത്തി​െൻറ വിശപ്പകറ്റാൻ ജീവൻ പണയം വെച്ച് കടലിലേക്കിറങ്ങുന്നവരുടെ മുഖത്ത് നിരാശ മാത്രമാണിന്ന്.

പലപ്പോഴും ഒഴിഞ്ഞ വലകളുമായാണ് ഇവർ മടങ്ങിയെത്തുന്നത്. തൃശൂർ ജില്ലാതിർത്തിയായ കാപ്പിരിക്കാട് മുതൽ കോഴിക്കോട് ജില്ലാതിർത്തിയായ വള്ളിക്കുന്ന് വരെ 72 കിലോമീറ്റർ നീളത്തിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് നേരിട്ടും അനുബന്ധ തൊഴിലുകളുമായി തീരദേശത്ത് കഴിഞ്ഞുകൂടുന്നത്. എന്നാൽ പലപ്പോഴും പട്ടിണിയും ദാരിദ്ര്യവും മാത്രമാണ്​ ഇവരുടെ ബാലൻസ്​ ഷീറ്റ്​.

Tags:    
News Summary - fisherman life in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.