തെക്കേ കെട്ട് കോൾപടവിൽ ഒരു ഏക്കർ ഭാഗം കൊയ്തപ്പോൾ ലഭിച്ച നെല്ല്
ചങ്ങരംകുളം: ബണ്ട് തകർന്ന് വീണ്ടും കൃഷിയിറക്കിയ തെക്കേ കെട്ട് കോൾപടവിൽ നഷ്ടങ്ങളുടെ കണ്ണീർ കൊയ്ത്ത്. വ്യാപകമായി പുഴുക്കേട് വന്ന് പതിര് നിറഞ്ഞതിനാൽ ഒരു ഏക്കർ കൊയ്താൽ വളരെ കുറഞ്ഞ നെല്ല് മാത്രമാണ് ലഭിക്കുന്നത്. വീണ്ടും നഷ്ടകണക്കുകൾ പെരുന്നതിനാൽ കർഷകർ കൊയ്ത്ത് നടത്താതെ നെല്ല് ഉപേക്ഷിക്കുകയാണ്.
ബണ്ട് തകർന്ന് രണ്ട് മാസം വൈകി കൃഷി തുടങ്ങിയ ഇവിടെ പുഴുക്കേട് വന്ന ആദ്യ സമയങ്ങളിൽ തന്നെ മരുന്നു പ്രയോഗം നടത്തിയെങ്കിലും ഫലപ്രദമായില്ലെന്ന് കർഷകർ പറയുന്നു. ഇതോടെ കൃഷിയിടങ്ങളിൽ വ്യാപകമായി പതിര് നിറയുകയുകയിരുന്നു.
മഴ പെയ്തതോടെ കൊയ്ത്ത് നടക്കുന്ന സ്ഥലത്തേക്ക് ട്രാക്ടർ കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. മണിക്കൂറിന് 2200 രൂപ ചെലവ് വരുന്ന മെഷീൻ നെല്ലുമായി ട്രാക്ടറിന് സമീപമെത്തുമ്പോൾ കൊയ്ത്ത് മെഷീനിന് നൽകാനുള്ളതുപോലും ഒരു ഏക്കറിൽ നിന്ന് ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഒരു ഏക്കർ കൊയ്തെടുക്കുമ്പോൾ ഒരു ട്രാക്ടർ നെല്ല് ലഭിക്കേണ്ട സ്ഥാനത്ത് ഒരു കൂടു വണ്ടിയിലേക്കുള്ള വിളവാണ് ലഭിച്ചിട്ടുള്ളത്. ഇതോടെ നഷ്ടം ഇരട്ടിക്കുന്നതിനാൽ പലരും കൊയ്ത്ത് ഒഴിവാക്കുകയാണ്.
ബണ്ട് തകർന്ന സമയത്ത് ഈ വർഷം കൃഷി വേണ്ടെന്ന് കർഷകർ തീരുമാനിച്ചതായിരുന്നു. പിന്നീട് കൃഷിവകുപ്പ് അധികൃതരും ജനപ്രതിനിധികളും കർഷകരും കൃഷിയിറക്കാൻ തീരുമാനിക്കുകയായിരുന്നു. വീണ്ടും അധിക പണം ചെലവഴിച്ച് കൃഷി തുടങ്ങിയ കർഷകർ ഇപ്പോൾ ഇരട്ടി നഷ്ടമാണ് അനുഭവിക്കുന്നത്.
കൊയ്ത്ത് നടത്താനുള്ള തുകയും മതിയായ നഷ്ടപരിഹാരവും ലഭിക്കാത്തപക്ഷം വൻദുരിതത്തിലേക്കാണ് ഈ കോൾപടവിലെ കർഷകർ കുപ്പുകുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.