ചങ്ങരംകുളം: പച്ചപ്പണിഞ്ഞ കോൾ നിലങ്ങളാൽ ചുറ്റപ്പെട്ട ജില്ലയുടെ നെല്ലറയായ നന്നംമുക്കിലെ കർഷക ഗ്രാമങ്ങളിൽ ഇത്തവണ മത്സരത്തിന് പത്തരമാറ്റാണ്. 17 വാർഡുണ്ടായിരുന്ന ഗ്രാമപഞ്ചായത്തിൽ എട്ട് സീറ്റ് വീതം നേടി ഇരുമുന്നണികളും തുല്യ സീറ്റ് പങ്കിട്ടപ്പോൾ നറുക്കെടുപ്പിലൂടെ ഭരണം ഇടതിന് ലഭിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തിന് നറുക്കിട്ടപ്പോഴും ഭാഗ്യം ഇടതിന്റെ കൂടെയായിരുന്നു. ഒരു സീറ്റിൽ ബി.ജെ.പിയാണ് ജയിച്ചത്.
ഇപ്പോൾ വാർഡ് വിഭജനത്തോടെ 19 സീറ്റ് വന്നപ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തുല്യസീറ്റുകളെ മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ഇരു മുന്നണികളും. കാലങ്ങളായി ഇരുമുന്നണികളും മാറി മറിഞ്ഞാണ് ഇവിടെ അധികാരം പങ്കിട്ടത്. കേരളത്തിലെ ആദ്യ മുസ്ലിം വനിത പ്രസിഡന്റ് പദം അലങ്കരിച്ച ആയിഷക്കുട്ടി ടീച്ചർ ഈ പഞ്ചായത്തിലായിരുന്നു.
19 സീറ്റിൽ 12 എണ്ണത്തിൽ കോൺഗ്രസും ആറ് എണ്ണത്തിൽ മുസ്ലിം ലീഗും മത്സരിക്കുന്നു. കേരളത്തിൽ തന്നെ അത്യപൂർവമായി ഒരു സീറ്റിൽ യു.ഡി.എഫ് പിന്തുണയോടെ സി.പി.ഐ മത്സരിക്കുന്നു എന്ന പ്രത്യേകത കൂടി ഈ പഞ്ചായത്തിനുണ്ട്.
19 സീറ്റിലും സി.പി.എം ഒറ്റക്കാണ് മത്സരിക്കുന്നത്. ബി.ജെ.പി 15 സീറ്റിൽ മത്സരിക്കുമ്പോൾ എസ്.ഡി.പി.ഐ മൂന്നു സീറ്റിലും മത്സരിക്കുന്നു. എസ്.സി വനിതക്ക് പ്രസിഡന്റ് പദവി സംവരണം ചെയ്യപ്പെട്ട പഞ്ചായത്തിൽ എന്നും തുല്യബലമുള്ള ഇരുമുന്നണികളെ ഭാഗ്യമോ ബലമോ തുണയാകുമെന്ന പ്രതീക്ഷയിലാണ് മത്സരം കൊഴുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.