ആർട്സ് ഡേക്ക് അനുമതി നിഷേധിച്ചെന്ന്: പ്രിൻസിപ്പലിനെയും അധ്യാപകരെയും കോളജിനകത്ത് പൂട്ടിയിട്ട് വിദ്യാർഥികൾ

ചങ്ങരംകുളം: വളയംകുളം അസ്സബാഹ് കോളജിൽ ആർട്സ് ഡേ നടത്താൻ അനുവദിച്ചില്ലെന്നാരോപിച്ച് വിദ്യാർഥികൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും കോളജിനകത്ത് പൂട്ടിയിട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വ്യാഴാഴ്ച കോളജ് അടക്കുന്ന ദിവസമായതിനാൽ മിക്ക കോളജുകളിലും കോളജ് ഡേ നടക്കുന്നുണ്ട്. കോളജ് അധികൃതർ ആർട്സ് ഡേ നടത്താൻ അനുമതി നൽകിയതാണെന്നും അവസാന ദിനത്തിൽ അനുമതി നിഷേധിച്ച് തങ്ങളെ വഞ്ചിക്കുകയാണ് മാനേജ്മെന്‍റ് ചെയ്തതെന്നും ആരോപിച്ചാണ് വിദ്യാർഥികൾ കാമ്പസിന്‍റെ ഗേറ്റ് അകത്തുനിന്ന് പൂട്ടി പ്രതിഷേധം തുടങ്ങിയത്.

രണ്ട് ഗേറ്റുകളും താഴിട്ട് പൂട്ടി വിദ്യാർഥികൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും തടഞ്ഞുവെക്കുകയായിരുന്നു. ആർട്സ് ഡേ നടത്തുന്നതിന് ഓരോ സെമസ്റ്ററിനും 300 രൂപ വെച്ച് രണ്ട് സെമസ്റ്ററിന് 600 രൂപ ഈടാക്കിയെന്നും ആർട്സ് ഡേ നടത്താൻ അനുവദിക്കുന്നില്ലെങ്കിൽ പണം തിരിച്ചുതരാനുള്ള മര്യാദയെങ്കിലും മാനേജ്മെന്‍റ് കാണിക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ രാജേന്ദ്രൻ, വിജയകുമാർ, ഖാലിദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി വിദ്യാർഥികളോട് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ ആവശ‍്യം അംഗീകരിക്കാതെ ഗേറ്റ് തുറക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ. തുടർന്ന് ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി ഗേറ്റ് ചാടിക്കടന്ന് പൂട്ട് തല്ലിപ്പൊളിക്കുകയായിരുന്നു.

തടിച്ചുകൂടിയ 500ഓളം വിദ്യാർഥികൾ പിരിഞ്ഞുപോവാതിരുന്നതോടെ ഏറെനേരം കോളജ് സംഘർഷാവസ്ഥയിലായി. ഏറെനേരം കഴിഞ്ഞും വിദ്യാർഥികൾ കോളജിൽതന്നെ സമരവുമായി തുടരുകയായിരുന്നു. തുടർന്ന് വിദ്യാർഥികളുമായി നടത്തിയ ചർച്ചയിൽ ശനിയാഴ്ച കോളജ് ഡേ നടത്താനുള്ള അനുമതി വാങ്ങിച്ചാണ് സമരം അവസാനിപ്പിച്ചത്.

Tags:    
News Summary - Arts day denied permission: Students locked Principal and teachers inside the college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.