ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 10 വർഷത്തിനുശേഷം പിടിയിൽ

കാളികാവ്: കഞ്ചാവ് കേസിൽ വിചാരണക്കിടെ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളിയായ പ്രതിയെ 10 വർഷത്തിനു ശേഷം കാളികാവ് പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പം വിവേകാനന്ദ തെരുവ് സ്വദേശി മുരുകനെയാണ്​ (36) പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പത്തുവെച്ച് തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ വിചാരണക്കിടെ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ മുരുകൻ ഞായറാഴ്ച പുലർച്ചയാണ് പിടിയിലാവുന്നത്. കാളികാവ് പൊലീസ് സ്റ്റേഷനിൽ 2012ൽ റിപ്പോർട്ട്‌ ചെയ്ത കഞ്ചാവ് കേസിലെ പ്രതിയാണ് ഇയാൾ. അഞ്ച് കിലോഗ്രാമിനടുത്ത കഞ്ചാവുമായാണ് പ്രതിയെ അന്നത്തെ എസ്.ഐ പി. രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. വണ്ടൂർ സി.ഐ ആയിരുന്ന മൂസ വള്ളിക്കാടനാണ് അന്വേഷണം നടത്തി വടകര എൻ.ഡി.പി.എസ് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. കേസിന്‍റെ വിചാരണ നടന്നുകൊണ്ടിരിക്കെ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കാലങ്ങളായി കോടതികളിൽനിന്ന്​ ജാമ്യമെടുത്ത്​ ഒളിവിൽ പോകുന്ന പ്രതികളെ കണ്ടെത്തി വിചാരണ നടപടി ത്വരിതപ്പെടുത്തണം എന്ന ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരമാണ് മുരുകനെ പിടികൂടിയത്. കാളികാവ് എസ്.ഐ വി. ശശിധരൻ, സി.പി.ഒമാരായ കെ.ആർ. രാരിഷ്, കെ. സുരേഷ് ബാബു എന്നിവർ പ്രതിയെ കമ്പത്തുവെച്ച് തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ അതീവ രഹസ്യ നീക്കത്തിലൂടെ സാഹസികമായാണ് വലയിലാക്കിയത്. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാം, കാളികാവ് ഇൻസ്‌പെക്ടർ ഹിദായത്തുല്ല മാമ്പ്ര എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പൊലീസ് നീക്കം. പ്രതിയെ തിങ്കളാഴ്ച വടകര സ്പെഷൽ എൻ.ഡി.പി.എസ് കോടതിയിൽ ഹാജറാക്കും. പടം. പ്രതി മുരുകൻ kkv prathi murukan .jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.