ചളിവെള്ളം: കോൺഗ്രസ്​ കൗൺസിലർമാരുടെ സത്യഗ്രഹം ശനിയാഴ്ച

ഇന്ന്​ ടാങ്കറിൽ ശുദ്ധജലം വിതരണം ചെയ്യും തൃശൂർ: കോർപറേഷൻ പരിധിയിലെ പൈപ്പുകളിലൂടെ ചളി കലർന്ന വെള്ളം വിതരണം ചെയ്യുന്നതിന്​ എതിരായ സമരം കോൺഗ്രസ്​ ഊർജിതമാക്കുന്നു. കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപറേഷൻ പരിധിയിൽ വിഷു, ഈസ്റ്റർ തലേന്ന്​ ടാങ്കർ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്​ രാജൻ ജെ. പല്ലൻ അറിയിച്ചു. കോർപറേഷൻ ഓഫിസിന്​ മുന്നിൽ വ്യാഴാഴ്ച രാവിലെ 10ന്​ സൗജന്യ വിതരണം ആരംഭിക്കും. കുടിവെള്ള പ്രശ്നത്തിൽ സമരം ചെയ്ത കോൺഗ്രസ് കൗൺസിലർമാരെ കാർ കയറ്റി കൊല്ലാൻ ശ്രമിച്ച മേയർ രാജിവെക്കുക, നഗരവാസികൾക്ക് ചളിവെള്ളം കൊടുക്കുന്ന ഭരണസമിതിയെ പുറത്താക്കുക, ശുദ്ധജലം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോർപറേഷന്​ മുന്നിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ച്​ വരെ സത്യഗ്രഹം നടത്തും. വിഷു, ഈസ്റ്റർ, തൃശൂർ പൂരം സമയത്തുപോലും ശുദ്ധജലം നൽകാത്തത്​ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രാജൻ പല്ലൻ പറഞ്ഞു. രണ്ട്​ വർഷമായി നഗരത്തിൽ ശുദ്ധമായ കുടിവെള്ളം കിട്ടുന്നില്ല. ഇത്​ ഭരണസമിതിയുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ്​. അനാവശ്യമായി കോടിക്കണക്കിന് രൂപയുടെ പൈപ്പുകൾ വാങ്ങി കുഴിച്ചിട്ടത്​ എന്തിനെന്ന്​ സി.പി.എം ജില്ല നേതൃത്വം അന്വേഷിക്കണം. 165 കോടി രൂപ ചെലവഴിച്ചിട്ടും കുടിവെള്ളം ലഭിക്കാത്തതും പദ്ധതി നടത്തിപ്പും സംബന്ധിച്ച്​ വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.