വാനര വസൂരി രോഗികൾക്കായി കുന്നംകുളത്ത് നിരീക്ഷണ വാർഡ് തുറന്നു

വാനര വസൂരി ബാധിതർക്ക്​ കുന്നംകുളത്ത് നിരീക്ഷണ വാർഡ് തുറന്നു കുന്നംകുളം: വാനര വസൂരി ബാധിതർക്ക് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണ വാർഡ് തുറന്നു. രോഗലക്ഷണങ്ങൾ ഉള്ളതായി സംശയിക്കുന്ന യുവാവിനെ കുന്നംകുളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ വാനര വസൂരി ബാധിതരെ ചികിത്സിക്കാൻ സൗകര്യമൊരുക്കാനായി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണ വാര്‍ഡ് തുറന്നതിന്റെ അടിസ്ഥാനത്തിലാണ് രോഗബാധ സംശയിക്കുന്ന ആദ്യ വ്യക്തിയെ തൃശൂര്‍ ഡി.എം.ഒയുടെ നിർദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് കാലത്ത് രോഗികളെ ചികിത്സിച്ച ഗവ. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡാണ് വാനര വസൂരി ബാധിതരെ ചികിത്സിക്കാനുള്ള നിരീക്ഷണ വാര്‍ഡായി മാറ്റിയത്. ആശുപത്രിയില്‍ ആവശ്യമായ സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ ശ്രവം പരിശോധനക്ക്​ എടുത്തിട്ടുണ്ട്. ഫലംവന്ന ശേഷം മാത്രമേ രോഗമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. ഓക്‌സിജന്‍ സംവിധാനം ഉള്‍പ്പെടെ 10 രോഗികളെ ഒരേസമയം ചികിത്സിക്കാന്‍ കഴിയുന്ന സംവിധാനം കുന്നംകുളത്തെ പുതിയ ഐസൊലേഷന്‍ വാര്‍ഡിലുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാല്‍, രോഗികളെ ശുശ്രൂഷിക്കുന്നതിന് ആശുപത്രിയില്‍ ആവശ്യമായ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ഡി.എം.ഒ ഉറപ്പുനല്‍കിയിട്ടുണ്ട്. രോഗിയോടൊപ്പം ബന്ധുവായ ഒരാള്‍ക്ക് ആശുപത്രിയില്‍ നില്‍ക്കാം. രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണം ആശുപത്രിയില്‍നിന്ന്​ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.