നാരായൺ ചിറയിൽ ടൂറിസത്തിന് പദ്ധതി

തലക്കുളത്തൂർ: പാവയിലെ ശുദ്ധജലതടാകമായ നാരായൺ ചിറ ടൂറിസത്തിന് ഉപയോഗപ്പെടുത്താൻ വിശദമായ പദ്ധതി റിപ്പോർട്ട് തയാറായി. ഒരാഴ്ചക്കുള്ളിൽ ഡി.പി.ആർ സർക്കാറിന് സമർപ്പിക്കും. 12.20 കോടിയുടെ എസ്റ്റിമേറ്റാണ് പരിഗണനയിലുള്ളത്.

2016-17 വർഷത്തെ ബജറ്റിൽ നാരായൺ ചിറ കുടിവെള്ളപദ്ധതിക്ക് ഉപയോഗിക്കാൻ 20 കോടി രൂപ വകയിരുത്തിയിരുന്നു. ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പായതിനാലും ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി ചേളന്നൂർ, തലക്കുളത്തൂർ പഞ്ചായത്തുകളിൽ ജലക്ഷാമം പരിഹരിക്കപ്പെട്ടതിനാലും പദ്ധതി ആവശ്യമില്ലെന്നു ജല അതോറിറ്റി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞ ആഗസ്റ്റിൽ മന്ത്രിമാരായ റോഷി അഗസ്റ്റിനും എ.കെ. ശശീന്ദ്രനും ഇവിടെ സന്ദർശിച്ച് ടൂറിസം മേഖലക്ക് ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിൽ ഡി.പി.ആർ തയാറാക്കാൻ നിർദേശിച്ചത്. നേരത്തേ ബജറ്റിൽ വകയിരുത്തിയ 20 കോടി രൂപ ഇതുവരെ ഇറിഗേഷൻ വിഭാഗത്തിനു ലഭിച്ചിട്ടില്ല. 19.5 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ജലാശയമാണ് നാരായൺ ചിറ. പായലും ചളിയും നീക്കി സൗകര്യങ്ങൾ ഏർപ്പെടുത്തി ബോട്ടിങ് ആരംഭിക്കാവുന്ന തരത്തിലാണ് മൈനർ ഇറിഗേഷൻ വിഭാഗം പദ്ധതി തയാറാക്കിയത്. 12.20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 4.5 ച.കീ. വിസ്തൃതിയുള്ള പൂക്കോട് തടാകവുമായി താരതമ്യം ചെയ്യുമ്പോൾ മലബാറിലെതന്നെ ഏറ്റവും വലിയ ബോട്ടിങ്ങിനുള്ള തടാകമായി രൂപപ്പെടുത്താനാകും.

ചളിനീക്കി ബോട്ട്ജെട്ടിയും നടപ്പാതയും അലങ്കാരവിളക്കുകളും സ്ഥാപിക്കും. സന്ദർശകർക്ക് ഇരിക്കാൻ ഇരിപ്പിടങ്ങളും ഒരുക്കും. വിനോദസഞ്ചാരികൾക്ക് ബോട്ടുകളിൽ സഞ്ചരിച്ച് പ്രകൃതിഭംഗി ആസ്വദിക്കാനുള്ള സൗകര്യമാണ് പദ്ധതിയുടെ ഭാഗമായി ആലോചിക്കുന്നത്. അലങ്കാര മരങ്ങൾ വെച്ചുപിടിപ്പിക്കും. നാരായൺ ചിറയുമായി ബന്ധപ്പെട്ടുകിടക്കുന്ന പാവയിൽ ചീർപ്പ്, മുക്കത്തുതാഴം ബണ്ട് എന്നിവയുടെ നവീകരണം ഉൾപ്പെടെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമീപത്തെ സ്വകാര്യ സ്ഥലങ്ങൾ ഉപയോഗിച്ച് പേ പാർക്കിങ് സൗകര്യവും ഏർപ്പെടുത്താനാണ് നീക്കം. പദ്ധതി സർക്കാർതലത്തിൽ അംഗീകരിച്ച് കാലതാമസം കൂടാതെ നടപ്പാക്കിയാൽ ജില്ലയിലെ ടൂറിസം മാപ്പിൽ പ്രധാന സ്ഥലങ്ങളിലൊന്നായി നാരായൺ ചിറ മാറും.

Tags:    
News Summary - Tourism Project in narayan chira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.