മോ​ഷ്ടാ​ക്ക​ളും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും താ​വ​ള​മാ​ക്കി​യ കോം​ട്ര​സ്റ്റ് കെ​ട്ടി​ട​ത്തി​ന്റെ ഉ​ൾ​ഭാ​ഗം

തകർന്ന നെയ്ത്തുകമ്പനിയിൽ കള്ളൻമാരുടെ കൊയ്ത്ത്

കോഴിക്കോട്: മാനാഞ്ചിറയിലെ അടച്ചിട്ട കോംട്രസ്റ്റ് നെയ്ത്തുകമ്പനിക്കെട്ടിടം മോഷ്ടാക്കളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും നഗരമധ്യത്തിലെ ഒളിത്താവളം. ഇടിഞ്ഞുതകർന്ന് കാടുപിടിച്ച കെട്ടിടത്തിലേക്ക് ആരും തിരിഞ്ഞുനോക്കാതായതോടെ കെട്ടിടത്തിലെ കമ്പിയും മറ്റും മുറിച്ച് കൊണ്ടുപോകുന്നതും പതിവായി. ജനലഴികളും പിച്ചളയുടെ ഭാഗങ്ങളുമെല്ലാം മുറിച്ച് കടത്തുന്നു. മോഷ്ടിച്ച വയറുകൾ കോംട്രസ്റ്റ് വളപ്പിലിട്ട് കത്തിച്ച് കമ്പി കടത്തുന്നു. ബിൽഡിങ്ങിലുണ്ടായിരുന്ന ലൈറ്റുകളും ഫാനും കമ്പികളും എയർകണ്ടീഷന്‍റെ ഭാഗങ്ങളുമൊക്കെ പലരും കൊണ്ടുപോയി. കെട്ടിടത്തിനകത്തേക്ക് നുഴഞ്ഞ് കയറുന്നവർ സ്ഥിരം കാഴ്ചയാണ്. നെയ്ത്ത് നടന്നിരുന്ന പഴയ ഇടനാഴികളിൽ നട്ടുച്ചക്കുപോലും എന്ത് സംഭവിച്ചാലും പുറം ലോകമറിയില്ല.

കഴിഞ്ഞ ദിവസം ഇക്കാര്യം ചോദ്യംചെയ്തവരോട് നിങ്ങളുടെതല്ലല്ലോയെന്ന മറുപടിയുമായി ആക്രമി തട്ടിക്കയറി. പടം എടുക്കാൻ നോക്കിയപ്പോൾ എത്രവേണമെങ്കിലും എടുത്തോളാൻ പറഞ്ഞ് മോഷണവസ്തുക്കളുമായി പോസ് ചെയ്തു. മഴയിൽ കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും ഇടിഞ്ഞുവീഴുന്നത് സ്ഥിരമാണ്. മേൽക്കൂര തകർന്ന് മഴയിൽ പൊതിർന്ന ചുമരുകൾ അടർന്ന് വീണുകൊണ്ടിരിക്കുന്നു. കോംട്രസ്റ്റിന്‍റെ റോഡിലേക്ക് തുറക്കുന്ന പഴയ സ്റ്റോറിന്‍റെ ഭാഗം ഏതു സമയവും നിരത്തിലേക്ക് വീഴുമെന്ന അവസ്ഥയിലാണ്. മേൽക്കൂരയുടെ ഭാഗം റോഡിലേക്ക് തൂങ്ങിയാണ് കിടക്കുന്നത്.

കോംട്രസ്റ്റിലെ തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്നും സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കണമെന്നും ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണൽ വിധി നിലവിലുണ്ട്. കെ.എസ്.ഐ.ഡി.സി നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോംട്രസ്റ്റ് വിഷയത്തില്‍ കൂടുതലായി ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. അവശേഷിക്കുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം 5000 രൂപവീതം കെ.എസ്.ഐ.ഡി.സി നല്‍കാൻ തീരുമാനമുണ്ടെങ്കിലും കെട്ടിടം തിരിഞ്ഞു നോക്കാനാളില്ല. ഒരു ഏക്കറില്‍ വിവിധ രീതിയിൽ ക്രയവിക്രയം നടന്നതിനാൽ ഒന്നേകാല്‍ എക്കര്‍ മാത്രമാണ് ഇപ്പോൾ കോംട്രസ്റ്റിന്റെ കൈയിലുള്ളത്. 2009 ഫെബ്രുവരി ഒന്നിനാണ് ഫാക്ടറി പൂട്ടിയത്.

കോംട്രസ്റ്റ് ഏറ്റെടുത്ത് നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നൽകിയിട്ടും കൊല്ലങ്ങൾ കഴിഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.