ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈലും പണവും കവരുന്നയാൾ പിടിയിൽ

താമരശ്ശേരി: ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചുകൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർച്ച ചെയ്യുന്ന മോഷ്ടാവ് താമരശ്ശേരിയിൽ പിടിയിലായി.

താമരശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന പൂനൂർ പുതിയോട്ടിൽ വീട്ടിൽ മുഹമ്മദ്‌ സഫ്‌വാൻ (23) ആണ് താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാൾ താമരശ്ശേരി, കൊടുവള്ളി, പൂനൂർ, ഓമശ്ശേരി എന്നിവിടങ്ങളിൽ കവർച്ച നടത്തിയതായി പൊലീസ് പറഞ്ഞു.

ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്കായി കേന്ദ്രീകരിക്കുന്ന ബസ് സ്റ്റാൻഡ് പരിസരങ്ങളിലും മറ്റും എത്തി ജോലിക്കാണെന്നുപറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മുൻകൂട്ടി കണ്ടുവെച്ച ഏതെങ്കിലും ആളില്ലാത്ത ജോലി നടക്കുന്ന കെട്ടിടത്തിൽ എത്തിച്ച് തന്ത്രപൂർവം മൊബൈൽ ഫോണും പണവും കവർച്ച ചെയ്യുകയാണ് ഇയാളുടെ രീതി.

ഇത്തരത്തിൽ കവർച്ചക്കിരയായ നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ പരാതികളുമായി എത്തിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.

കവർച്ച നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പാലക്കാട് രജിസ്ട്രേഷൻ ബൈക്ക് ഉപയോഗിച്ചതായി കണ്ടെത്തി. കവർച്ചക്ക് ഉപയോഗിച്ച മോട്ടോർ സൈക്കിൾ പ്രതി പാലക്കാട് നിന്നും മോഷണം നടത്തിയതാണെന്ന് സമ്മതിച്ചു.

മുമ്പ് ഇയാൾ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പത്തോളം മോട്ടോർസൈക്കിളുകൾ മോഷണം നടത്തിയ കേസിൽ ഉൾപ്പെട്ട് ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. മൊബൈൽ ഫോണുകൾ പൂനൂരിലുള്ള മൊബൈൽ ഷോപ്പുകളിൽ വിൽപന നടത്തിയതായി പ്രതി പറഞ്ഞു. ഇയാളെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

സ്പെഷൽ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർമാരായ രാജീവ്ബാബു, വി.കെ. സുരേഷ്, ബിജു പൂക്കോട്ട്, താമരശ്ശേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ വി.കെ. അബ്ദുൽ റസാഖ്, ശ്രീജിത്ത്‌, ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - The man who took mobile phones and money of inter-state workers was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.