വനിതകൾക്കായി വിനോദസഞ്ചാര യാത്രകൾ ഒരുക്കി താമരശ്ശേരി കെ.എസ്‌.ആർ.ടി.സി

താമരശ്ശേരി: ലോക വനിതദിനത്തിന്റെ ഭാഗമായി വനിതകൾക്ക് പ്രത്യേക ടൂർ പാക്കേജുമായി കെ.എസ്‌.ആർ.ടി.സി താമരശ്ശേരി ഡിപ്പോ. ബജറ്റ്‌ ടൂറിസം പാക്കേജ്‌ മികച്ചരീതിയിൽ മുന്നോട്ടുപോയ ആത്മ വിശ്വാസത്തിലാണ്‌ 'വുമൺ ട്രാവൽ വീക്ക്‌' എന്ന പേരിൽ വനിതകളെ ആകർഷിക്കാൻ പദ്ധതി നടത്തുന്നത്. വനിതകൾക്ക് 28 വിനോദസഞ്ചാരയാത്രകൾ സജ്ജമാക്കിയിരിക്കുകയാണ് കെ.എസ്‌.ആർ.ടി.സി ഡിപ്പോ. മാർച്ച്‌ എട്ടു മുതൽ 13 വരെയാണ്‌ പാക്കേജ്‌. സ്‌ത്രീകൾക്കു മാത്രമായി മൂന്നാർ, നെല്ലിയാമ്പതി, വയനാട്‌, വാഗമൺ, ഗവി എന്നിവിടങ്ങളിലേക്കാണ്‌ യാത്ര.

മൂന്നാറിലേക്കുള്ള യാത്രയിൽ ടാറ്റാ ടീ മ്യൂസിയം, ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, ഇക്കോ പോയന്റ്, ഫിലിം ഷൂട്ടിങ് പോയന്റ്‌, ബോട്ടിങ് സൗകര്യമുള്ള മാട്ടുപ്പെട്ടി ഡാം, ടീ ഗാർഡൻ ഫോട്ടോ പോയന്റ്‌, ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ എന്നിവിടങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ഒരാൾക്കുള്ള നിരക്ക്‌ 1750 രൂപയാണ്‌.

ഭക്ഷണത്തിന്റെയും അഞ്ചു കേന്ദ്രങ്ങളിലെ ടിക്കറ്റിന്റെയും ചെലവ് യാത്രക്കാർ വഹിക്കണം. നെല്ലിയാമ്പതിക്ക്‌ 38 പേരടങ്ങുന്നവരുടെ യാത്രയാണ് സംഘടിപ്പിക്കുന്നത്. നാലുനേരത്തെ ഭക്ഷണമുൾപ്പെടെ 1050 രൂപയാണ് ഈടാക്കുക. വയനാട്‌ യാത്രയിൽ 50 പേരടങ്ങുന്ന ടീമിന്‌ 650 രൂപയാണ്‌ നിരക്ക്‌. കുടുംബശ്രീ, മറ്റു സംഘങ്ങൾ എന്നിവർ ആവശ്യപ്പെടുന്നതിനനുസരിച്ച് പ്രത്യേക പാക്കേജ്‌ സജ്ജീകരിക്കാനും പദ്ധതിയുണ്ട്.

വയനാട്‌-തുഷാരഗിരി യാത്രക്കു പുറമെ ലുലു മാൾ, വണ്ടർലാ ഉൾപ്പെടുന്ന എറണാകുളം ട്രിപ്പും സംഘടിപ്പിക്കുന്നുണ്ട്.

ചുക്കാൻപിടിച്ച് ബിന്ദു

പി.​കെ. ബി​ന്ദു​

താമരശ്ശേരി: താമരശ്ശേരി കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന് ചുക്കാൻപിടിക്കുന്നത് ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർ പി.കെ. ബിന്ദുവാണ്. വയനാട്-തുഷാരഗിരി- വനപർവം വിനോദസഞ്ചാരയാത്രക്കു ലഭിച്ച സ്വീകാര്യതയാണ് കൂടുതൽ യാത്രകൾ വ്യത്യസ്തമായ സ്ഥലങ്ങളിലേക്ക് സംഘടിപ്പിക്കാൻ ആത്മവിശ്വാസം നൽകിയതെന്ന് ബിന്ദു പറയുന്നു. സഹപ്രവർത്തകർ നൽകുന്ന സഹകരണവും പിന്തുണയുമാണ് ഓരോ യാത്രയും മികച്ചതാക്കുന്നത്.

വനിത ദിനത്തിൽ വനിതകൾക്കായി യാത്ര സംഘടിപ്പിക്കാൻ അവസരം ലഭിച്ചതിൽ ജില്ല കോഓഡിനേറ്റർ എന്ന നിലയിൽ അതിയായ ചാരിതാർഥ്യമുണ്ടെന്നും അവർ പറഞ്ഞു. 2016ലാണ് താമരശ്ശേരി കെ.എസ്.ആർ.ടി സി ഡിപ്പോയിൽ ജനറൽ വിഭാഗം ക്ലർക്കായാണ് ബിന്ദു ജോലിയിൽ പ്രവേശിക്കുന്നത്. വരുമാനവർധന ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സിയിൽ ബജറ്റ് ടൂറിസം സെൽ പ്രവർത്തനം ആരംഭിച്ചതോടെ അതിന്റെ ജില്ലതല കോ ഓഡിനേറ്ററായി.ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കാവുംകുന്നത്തുപൊയിൽ സദാനന്ദനാണ് ഭർത്താവ്. ആര്യനന്ദ മകളാണ്. 

Tags:    
News Summary - Thamarassery KSRTC organizes tours for women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.