മുഹമ്മദ് ഷഹബാസ്
താമരശ്ശേരി: താമരശ്ശേരിയിൽ വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസിന് (15) എസ്.എസ്.എൽ.സി പരീക്ഷ ഫലം വന്നപ്പോൾ ഐ.ടി പരീക്ഷയിൽ എ പ്ലസ്. സമൂഹമാധ്യമങ്ങളിലടക്കം ഷഹബാസിന്റെ സുഹൃത്തുക്കളും അധ്യാപകരും പരീക്ഷ ഫലം പങ്കുവെച്ചു.
പഠനത്തിൽ മിടുക്കനായ ഷഹബാസിന് പരീക്ഷ എഴുതാൻ അവസരം ലഭിച്ചിരുന്നെങ്കിൽ മികച്ച വിജയം ലഭിക്കുമായിരുന്നെന്ന് എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ അധ്യാപകരും പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 27ന് താമരശ്ശേരി ട്യൂഷൻ സെന്ററിലെ നിസ്സാര കാര്യങ്ങളുടെ പേരിൽ ഒരു സംഘം വിദ്യാർഥികൾ ചേർന്ന് ഷഹബാസിനെ മർദിക്കുകയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിക്കുകയുമായിരുന്നു. ആക്രമണം ആസൂത്രണം ചെയ്യാനായി സമൂഹ മാധ്യമത്തിലടക്കം വിദ്യാർഥികൾ ഗ്രൂപ്പുകളുണ്ടാക്കിയിരുന്നു.
ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ ഫലം പരീക്ഷ ബോർഡ് തടഞ്ഞുവെച്ചതും മൂന്നു വർഷത്തേക്ക് ഡീബാർ ചെയ്തതുമെല്ലാം പിതാവ് മുഹമ്മദ് ഇഖ്ബാലിന്റെ നിയമ പോരാട്ടങ്ങളുടെ തുടർച്ചയാണ്.
എസ്.എസ്.എൽ.സി പരീക്ഷ ഫലം വരുമ്പോൾ, നിയമ പോരാട്ടവുമായി ഇഖ്ബാൽ എറണാകുളത്ത് ഹൈകോടതിയിലായിരുന്നു. നിയമ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ക്രിമിനൽ മനസ്സുള്ള വിദ്യാർഥികൾക്ക് ഇത് പാഠമാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളായ വിദ്യാർഥികളുടെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.