sas

കാലിക്കറ്റ്: സംവരണം അട്ടിമറിച്ച അധ്യാപക നിയമന നീക്കം റദ്ദാക്കണം -വെൽഫെയർ പാർട്ടി കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സംവരണ വിഭാഗങ്ങളുടെ അർഹതപ്പെട്ട അമ്പതോളം തസ്തികകൾ നഷ്​ടപ്പെടുത്തി അധ്യാപക നിയമനത്തിനായുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. അസി. പ്രഫസർ തസ്​തികയിൽ മാത്രം പിന്നാക്ക വിഭാഗങ്ങളായ വിശ്വകർമ -എട്ട്​, മുസ്​ലിം -ഏ​ഴ്​, നാടാർ -അഞ്ച്​, ധീവര -ഒന്ന്​, ഈഴവ/തിയ്യ/ബില്ലവർ -രണ്ട്​, മറ്റുള്ളവർ -രണ്ട്​ എന്നിങ്ങനെയും എസ്.സി, എസ്.ടി വിഭാഗത്തിൽനിന്ന് ഒന്നും ബാക്ക് ലോഗ് നിലവിലുണ്ട്. ഭിന്നശേഷിക്കാരുടെ നാല്​ തസ്തികകളും ബാക്ക് ലോഗാണ്. അസോ. പ്രഫസർ, പ്രഫസർ തസ്തികകളിലായി പതിനഞ്ചിൽപരം തസ്തികകളുടെ ബാക്ക് ലോഗുണ്ട്. കേരള സർവിസ് റൂൾസ് പാലിക്കണമെന്ന 2013ലെ കേരള സർക്കാർ ഓർഡിനൻസ് അനുസരിച്ച് സംവരണ വിഭാഗങ്ങളുടെ ബാക്ക് ലോഗ് പ്രത്യേകം നികത്തണമെന്ന വ്യവസ്ഥ അട്ടിമറിച്ചാണ് ബാക്ക് ലോഗ് നികത്താതെ പുതിയ നിയമന നീക്കം സർവകലാശാല നടത്തുന്നത്. സംവരണ അട്ടിമറി വഴി ദലിത്-പിന്നാക്ക ജനവിഭാഗങ്ങളെ അധികാരസ്ഥാനങ്ങളിൽനിന്ന് പുറന്തള്ളാനുള്ള ആർ.എസ്.എസ് അജണ്ടയാണ് സർവകലാശാല നടപ്പാക്കുന്നതെന്നും ശക്തമായ ബഹുജന പ്രക്ഷോഭത്തിലൂടെ ഇതിന് തടയിടുമെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.