പെട്രോൾ പമ്പിലെ കവർച്ചക്കുപിന്നിൽ 'പഠിച്ച' കള്ളനെന്ന് പൊലീസ്

കോഴിക്കോട്: നഗരത്തിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് അരലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതം. ലഭ്യമായ തെളിവുകൾ വിലയിരുത്തിയ അന്വേഷണസംഘം കവർച്ചക്കുപിന്നിൽ 'പ്രഫഷനൽ മികവുള്ള' മോഷ്ടാവാണെന്നാണ് സംശയിക്കുന്നത്. വളരെ വിദഗ്ധമായും തെളിവുകൾ അവശേഷിപ്പിക്കാത്ത രീതിയിലുമായിരുന്നു കവർച്ച. വിവിധതരത്തിലുള്ള തെളിവുകൾ ഒഴിവാക്കാനാണ് പ്രതി ഒറ്റക്ക് കവർച്ചക്കെത്തിയത്. കെട്ടിടത്തിൽ സി.സി ടി.വി കാമറകളുണ്ടാകുമെന്നുറപ്പുള്ളതിനാൽ കാമറയിൽപെട്ടാലും ആളെ തിരിച്ചറിയാതിരിക്കാൻ മുഖംമൂടി ധരിച്ചു. കണ്ണ് മാത്രം കാണാവുന്ന രീതിയിലായിരുന്നു കറുത്ത വസ്ത്രം അണിഞ്ഞത്. വിരലടയാള വിദഗ്ധർക്ക് തെളിവുകൾ ലഭിക്കാതിരിക്കാൻ കൈയുറയും ധരിച്ചു. മോഷ്ടാവ് സഞ്ചരിച്ച കെട്ടിടത്തിലെ വഴികളിലെല്ലാം മുളകുപൊടി വിതറുകയും ചെയ്തു. പൊലീസ് നായ് മണം പിടിക്കുമെന്നത് മുൻകൂട്ടി കണ്ടാണ് മുളകുപൊടി വിതറിയത്.

'പഠിച്ച കള്ളനാണ്' മോഷണത്തിന് പിന്നിലെന്ന് വ്യക്തമായതോടെ, നേരത്തെ ഇത്തരം കവർച്ചകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്. മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മാവൂർ റോഡിൽ ഹിന്ദുസ്ഥാന്‍ പെട്രോളിയം വിതരണക്കാരായ കോട്ടൂളി നോബിൾ പെട്രോളിയംസ് പമ്പിലാണ് വ്യാഴാഴ്ച പുലര്‍ച്ച ഒന്നരക്കുശേഷം കവർച്ച നടന്നത്. രാത്രി 12ന് പമ്പ് അടച്ചശേഷം ഓഫിസ്മുറിയിൽ പണം എണ്ണിത്തിട്ടപ്പെടുത്താനിരുന്ന വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് റാഫിയാണ് ആക്രമണത്തിനിരയായത്. ഒന്നര ലക്ഷത്തിലേറെ രൂപ ജീവനക്കാര‍ന്റെ കൈയിലുണ്ടായിരുന്നെങ്കിലും മോഷ്ടാവിന്റെ ശ്രദ്ധയിൽപെടാത്തതിനാല്‍ നഷ്ടപ്പെട്ടിരുന്നില്ല. ഹിന്ദി ഭാഷ സംസാരിക്കുന്നെന്ന് തോന്നിപ്പിക്കുന്നയാളാണ് മോഷ്ടാവ് എന്ന് കരുതുന്നതിനാൽ അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

നേരത്തെ 2012ൽ കോവൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപയും 2017 ഒക്ടോബറിൽ ചെറൂട്ടിറോഡ്-കോർട്ട് റോഡ് ജങ്ഷനിലെ പെട്രോൾ പമ്പിൽനിന്ന് 20,000ത്തോളം രൂപയും 2018ൽ കട്ടാങ്ങലിലെ പെട്രോൾ പമ്പിൽനിന്ന് തോക്കുചൂണ്ടി ലക്ഷത്തിലേറെ രൂപയും 2020ൽ നടക്കാവിലെ പെട്രോൾ പമ്പിൽനിന്ന് ജീവനക്കാരനെ ആക്രമിച്ച് 32,000 രൂപയും കവർന്നിരുന്നു. ഈ കേസുകളിൽ പലതിലും പ്രതികളെ പിടികൂടാനുമായിട്ടില്ല.

Tags:    
News Summary - Petrol pump robbery issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.