അമ്മയുടെയും മകളുടെയും മരണം; പേരാമ്പ്രക്ക് ദുഃഖ ഞായർ

പേരാമ്പ്ര: ഞായറാഴ്ച രാവിലെ പേരാമ്പ്രയെ എതിരേറ്റത് വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചെന്ന ദുഃഖവാർത്തയാണ്. പേരാമ്പ്ര ടെലിഫോൺ എക്ചേഞ്ചിനു സമീപം കൃഷ്ണ കൃപയിൽ സുരേഷ് ബാബു മാഷിന്റെ ഭാര്യ ശ്രീജയും മകൾ അഞ്ജനയുമാണ് വാല്യക്കോട് പള്ളിക്ക് സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.കാർ ഓടിച്ച സുരേഷ് ബാബു പരിക്കുകളോടെ രക്ഷപ്പെട്ടു.

വടകരയിൽ കല്യാണത്തിൽ പങ്കെടുക്കാനാണ് മൂവരും രാവിലെ പുറപ്പെട്ടത്. എന്നാൽ, യാത്ര രണ്ട് കിലോമീറ്റർ താണ്ടുമ്പോഴേക്കും രണ്ടു പേരെ മരണം തട്ടിയെടുത്തിരുന്നു. ഇവർ സഞ്ചരിച്ച ആൾട്ടോ കാർ വാല്യക്കോട് നിർത്തിയിട്ട കോഴി ലോറിയുടെ പിറകിലിടിച്ചാണ് അപകടമുണ്ടായത്.

രണ്ടു പേരും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തലക്ക് ഉൾപ്പെടെ പരിക്കേറ്റ സുരേഷ് ബാബു മാസ്റ്ററെ പ്രിയതമയെയും മകളെയും അവസാനമായി ഒരു നോക്കുകാണാൻ കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് വീട്ടിലെത്തിച്ചിരുന്നു. രാത്രി എട്ടു മണിയോടെ ഇരുവരുടേയും മൃതദ്ദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

നിരവധി ആളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. മകളും പ്രിയതമയും നഷ്ടമായ മാഷിനെ ആശ്വസിപ്പിക്കാൻ നാട്ടുകാർക്കും ബന്ധുക്കൾക്കും ഏറെ പ്രയാസപ്പെടേണ്ടി വന്നു. മൂത്ത മകൾ അപർണയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഒരു പ്രഭാതത്തിൽ അമ്മയും അനുജത്തിയും യാത്രയായത് അവർക്ക് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മരിച്ച ഒരാൾക്ക് കോവിഡ് പോസിറ്റിവ് ആയതുകൊണ്ട് നിയന്ത്രണത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടത്തിയത്.

Tags:    
News Summary - mother-daughter killed in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.