മദ്യപ സംഘത്തിന്റെ മർദനത്തിൽ പരിക്കേറ്റ കുന്നോത്ത് മീത്തൽ രാജേഷ്

ചെറുവണ്ണൂരിൽ ലഹരിമാഫിയ വിളയാട്ടം; ഒരാൾക്ക് മർദനം

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ ആയുർവേദ ആശുപത്രി-കാഞ്ഞോട്ടുമീത്തൽ പ്രദേശത്ത് മദ്യ-മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുന്നതായി പരാതി. കഴിഞ്ഞ ദിവസം വീട്ടിലേക്കു പോവുകയായിരുന്ന യുവാവിനെ ലഹരിമാഫിയ മർദിച്ചിരുന്നു.

മർദനത്തിൽ ഗുരുതര പരിക്കേറ്റ കുന്നോത്ത് മീത്തൽ രാജേഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യ-മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കാൻ നാട്ടുകാർ സർവകക്ഷി യോഗം ചേർന്നു. ബിവറേജ് ഔട്ട്ലറ്റുകളിൽനിന്ന് മദ്യം വാങ്ങി പ്രദേശത്ത് ഒരു വീട് കേന്ദ്രീകരിച്ച് വിൽപന നടക്കുന്നതായി പരാതിയുണ്ട്.

പ്രദേശവാസികൾ പലതവണ എക്സൈസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പറയുന്നു. മദ്യത്തിനൊപ്പം ലഹരിവസ്തുക്കളുടെ വിൽപനയും തകൃതിയായി നടക്കുന്നുണ്ട്. പകൽപോലും പരസ്യ മദ്യപാനം നടക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. സർവകക്ഷി യോഗത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

വാർഡ് അംഗങ്ങളായ എ.കെ. ഉമ്മർ, ആർ.ബി. ഷോഭീഷ് എന്നിവർ രക്ഷാധികാരികളായും എം. പ്രകാശൻ ചെയർമാനും പി.പി. ദാമോദരൻ കൺവീനറായും 101 അംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പ്രദേശത്ത് നടക്കുന്ന മദ്യ-ലഹരി വിൽപനക്കെതിരെ ഉന്നത അധികാരികൾക്ക് പരാതി നൽകാനും ജനകീയ പ്രതിരോധം നടത്താനും തീരുമാനിച്ചു.


Tags:    
News Summary - Drug mafia in Cheruvannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.