പെട്രോൾ പമ്പുകളിൽ ഓണം സ്പെഷൽ സ്ക്വാഡ് പരിശോധന

നാദാപുരം: ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരം ഓണം സ്പെഷൽ സ്ക്വാഡ് പെട്രോൾ പമ്പുകളിൽ പരിശോധന നടത്തി. ആവശ്യമായ ക്രമീകരണങ്ങളുടെ വ്യാപക ലംഘനം കണ്ടെത്തിയതായി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

പുറമേരിയിലെ പുറമേരി ഫില്ലിങ് സ്റ്റേഷൻ, നാദാപുരത്തെ സൂര്യ പെട്രോൾ പമ്പ്, ഓർക്കാട്ടേരിയിലെ റോയൽ പെട്രോളിയം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

നാദാപുരത്തെ സൂര്യ പെട്രോൾപമ്പിൽ ശൗചാലയം ഇരുമ്പുവാതിൽ ഉണ്ടാക്കി പൂട്ടി അടച്ചിട്ട രീതിയിലായിരുന്നു. ശൗചാലയം വൃത്തിയില്ലാതെയും സുരക്ഷിതത്വം ഇല്ലാതെയുമായിരുന്നു. തൊട്ടുമുന്നിൽതന്നെ അപകടമുണ്ടാക്കുന്ന വിധം ജനറേറ്റർ പ്രവർത്തിക്കുന്നതായും തൊട്ടടുത്തുതന്നെ ഇലക്ട്രിക്കൽ സർവിസ് വയർ അപകടകരമായി താഴ്ന്നുകിടക്കുന്നതായും കണ്ടെത്തി.

പിറകുവശത്ത് ചെറിയൊരു ബോർഡുവെച്ച് ഇടുങ്ങിയൊരു സ്ഥലത്തുകൂടിയാണ് ശൗചാലയത്തിലേക്ക് പ്രവേശനം ഒരുക്കിയത്.

പമ്പിൽ ഫ്രീ എയർ സംവിധാനം പ്രവർത്തിക്കുന്നില്ല. കാലാവധി തീയതി ഇല്ലാത്ത ഫയർ എസ്റ്റിങ്ഷർ ഉപയോഗിക്കുന്നതായും ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് തീയണക്കുന്ന പ്രത്യേക എക്സ്റ്റിങ്ഷർ ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തി. പമ്പിനോടുചേർന്ന് അനധികൃതമായ, ഷീറ്റുകൊണ്ട് നിർമിച്ച ഒരു മുറിയും കണ്ടെത്തി.

ഓർക്കാട്ടേരിയിലെ റോയൽ പെട്രോൾ പമ്പിലെ ഒരു ടോയ്‌ലറ്റിൽ ഒരുവാതിൽ ഉള്ളിൽനിന്ന് അടക്കാൻ പറ്റാത്ത വിധത്തിലായിരുന്നു.

പുറമേരി ഫില്ലിങ് സ്റ്റേഷനിൽ മാനദണ്ഡങ്ങൾ പാലിച്ച് ഉപഭോക്താക്കൾക്ക് എല്ലാ സൗകര്യങ്ങളും പരമാവധി നൽകി പ്രവർത്തിക്കുന്നതായും കണ്ടെത്തി. താലൂക്കിലെ മുഴുവൻ പെട്രോൾ പമ്പിലും നിർബന്ധമായും ശുദ്ധമായ കുടിവെള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ഇക്കാര്യം ഉപഭോക്താക്കൾ കാണുന്ന സ്ഥലത്ത് എഴുതിവെക്കണമെന്നുംനിർദേശം നൽകി.

കുടിവെള്ളം സൗകര്യപ്രദമായ സ്ഥലത്ത് വെക്കണം. നിബന്ധനകൾ പാലിക്കാത്ത പമ്പുകൾക്കെതിരെ നിയമപരമായ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

താലൂക്കിലെ പമ്പുകൾക്കെതിരെ നിരവധി പരാതി ലഭിച്ചതോടെയാണ് പരിശോധന ആരംഭിച്ചത്.

താലൂക്ക് സപ്ലൈ ഓഫിസർ ടി.സി. സജീവൻ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ. ശ്രീധരൻ, ജി.എസ്. ബിനി, കെ.പി. ശ്രീജിത് കുമാർ, ഇ.കെ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

News Summary - Onam Special Squad Inspection at Petrol Pumps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.