തദ്ദേശ തെരഞ്ഞെടുപ്പ്; ചർച്ചയാവുന്നത് കുടിവെള്ളവും ഗ്രാമീണ റോഡും

നടുവണ്ണൂർ: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇക്കുറിയും പ്രധാന വിഷയമാവുന്നത് കുടിവെള്ളവും ഗ്രാമീണ റോഡുകളും. സാധാരണക്കാരന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഷയങ്ങളെ കേന്ദ്രീകരിച്ച് തന്നെയാണ് പ്രചാരണ പ്രവർത്തനങ്ങൾ കൊടുമ്പിരികൊള്ളുന്നത്.

ഓരോ പഞ്ചായത്തിലെയും കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രവർത്തനം നിലച്ചതിനെക്കുറിച്ചും ചൂടേറിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിലും പ്രചാരണ കുടുംബ സദസ്സുകളിലും നടക്കുന്നത്.

അതുപോലെതന്നെയാണ് ഗ്രാമങ്ങളുടെ ജീവനാഡിയായ ഗ്രാമീണ റോഡുകളുടെ വികസനത്തെക്കുറിച്ചും ടാറിങ്ങിനെ കുറിച്ചുമുള്ള ചർച്ചകൾ. ഗ്രാമപഞ്ചായത്തുകളിലെ പല വാർഡുകളിലും റോഡുകളുടെ അവസ്ഥ ശോച്യാവസ്ഥയിലാണ്. പലതവണ നിവേദനങ്ങളിലൂടെയും മറ്റും ആവശ്യപ്പെട്ടിട്ടും ഇതിന് മാറ്റംവന്നിട്ടില്ല. ചില ടാറിട്ട റോഡുകൾ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കീറിമുറിച്ചതും പ്രചാരണ വിഷയമാകുന്നു.

ജൽജീവൻ മിഷന്റെ ഭാഗമായി വെട്ടിക്കീറിയ ഗ്രാമീണ റോഡുകൾ പലതും കോൺക്രീറ്റ് ചെയ്തിട്ടില്ല. ഇരു മുന്നണികളുടെയും കുടുംബ സദസ്സുകളിലും പ്രചാരണ പരിപാടികളിലും സ്ഥാനാർഥികൾക്ക് വെല്ലുവിളിയാകുന്നത് തിരിഞ്ഞുനോക്കാത്ത ഗ്രാമീണ റോഡുകളും നിലച്ചുപോയ കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ചുമുള്ള വോട്ടർമാരുടെ ചോദ്യങ്ങളാണ്.

വോട്ട് ചോദിക്കാനായി വീടുകളിൽ എത്തുന്നവരോട് കുടുംബങ്ങൾ ആദ്യം തന്നെ ചോദിക്കുന്നത് ഇക്കാര്യങ്ങളാണ്. റോഡും കുടിവെള്ളവും ശരിയാക്കി തന്നാൽ വോട്ട് തരാം എന്ന ാണ് വോട്ടർമാർ പറയുന്നത്.

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലും ഇപ്പോഴും തിരിഞ്ഞുനോക്കാത്ത റോഡുകൾ പല വാർഡുകളിലും ഉണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. ഇതിനെ സ്ഥാനാർഥികൾ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ വാർഡുകളിലെയും ജയപരാജയങ്ങളും.

Tags:    
News Summary - Drinking water and rural roads main topics in election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.