കുറ്റ്യാടി: കഴിഞ്ഞ ഭരണ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന നാളിൽ ആരംഭിച്ച വേളം പഞ്ചായത്ത് മുസ്ലിം ലീഗിലെ വിമതശല്യത്തിന് ഇനിയും പരിഹാരമായില്ല. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ എല്ലാ വാർഡുകളിലും സ്ഥാനാർഥിയെ നിർത്തുമെന്ന് ഭീഷണിയുള്ളതായി പറയുന്നു. നേരത്തേയുണ്ടായിരുന്ന മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പുനഃസ്ഥാപിക്കുക, വിജയ സാധ്യതയുള്ള അഞ്ച് സീറ്റുകളിൽ തങ്ങളുടെ പക്ഷത്തുള്ളവരെ നിർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
പ്രശ്നം പാർട്ടി ജില്ല കമ്മിറ്റിക്ക് പരിഹരിക്കാനാവാത്തതിനാൽ സംസ്ഥാന കമ്മിറ്റിയിൽ വരെ എത്തിയെന്നാണ് പറയുന്നത്. യു.ഡി.എഫിലെ മുൻധാരണ പ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം കോൺഗ്രസിന് നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ചേരിപ്പോര് രൂക്ഷമാക്കിയത്. പാർട്ടി ജില്ല കമ്മിറ്റി പ്രസിഡന്റ് സ്ഥാനം കൈമാറണമെന്ന നിലപാടിലായിരുന്നു. അനുസരിക്കാത്തതിനാൽ ചില പഞ്ചായത്ത് മെംബർമാരെ സസ്പെൻഡ് ചെയ്യുകയും മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയെ മാറ്റി പുതിയ കമ്മിറ്റിയുണ്ടാക്കുകയും ചെയ്തിരുന്നു.
എന്നാൽ, പ്രശ്നത്തിനു മേൽകമ്മിറ്റിയിൽനിന്ന് ഉടൻ അനുകൂലമായ പരിഹാരമുണ്ടാവുമെന്നാണ് ഇരുവിഭാഗവും പ്രതീക്ഷിക്കുന്നത്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണമുള്ള ഏക പഞ്ചായത്ത് വേളമായിരുന്നു.
അതും നഷ്ടപ്പെടുത്തരുതെന്നാണ് അണികളുടെ ആവശ്യം. അതിനിടെ എൽ.ഡി.എഫ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയപ്പോൾ യു.ഡി.എഫിന് സാധ്യതയുള്ള പല വാർഡുകളിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ലീഗിലെ വിമത സ്ഥാനാർഥികൾ വരുന്നെങ്കിൽ നീക്കുപോക്കിനായിരിക്കുമെന്നാണ് സംസാരം. 18 വാർഡുകളിൽ പത്തിൽ മാത്രമാണ് സ്ഥാനാർഥികളുടെ പേര് പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.