ഡയാലിസിസ് സെന്ററിന്റെ പുതിയ കെട്ടിടം
കുറ്റ്യാടി: കുറ്റ്യാടിയിൽ ഗവ. ആശുപത്രി മാനേജ്മെന്റ് നടത്തുന്ന ഡയാലിസിസ് സെന്ററിലെ രോഗികൾ പുതിയ കെട്ടിടം തുറക്കുന്നത് കാത്തിരിപ്പാണ്. കഴിഞ്ഞാഴ്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധിറുതിയിൽ ഉദ്ഘാടനം നടത്തുകയായിരുന്നെന്ന് വിമർശനമുണ്ട്. കെട്ടിടത്തിലെ പ്രധാന ഭാഗമായ ട്രീറ്റമെന്റ് പ്ലാന്റിന്റെ (എസ്.ടി.പി) പ്രവൃത്തി ഇനിയും പൂർത്തിയായിട്ടില്ല.
പത്ത് വർഷത്തിലേറെയായി പഴയ ആശുപത്രിയുടെ ഓടുമേഞ്ഞ കെട്ടിടത്തിലാണ് ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നത്. ആശുപത്രിക്ക് പുതിയ കെട്ടിടം തുറന്നതോടെ വെറുതെ കിടന്ന് തകർച്ചയിലായ കെട്ടിടം നേരത്തേ എച്ച്.എം.സി അനുമതിയോടെ കുറ്റ്യാടിയിലെ കരുണ പാലിയേറ്റിവ് കെയർ സൊസൈറ്റി അറ്റകുറ്റപ്പണി നടത്തി പരിചരണ സാന്ത്വന പരിചരണ കേന്ദ്രം തുടങ്ങുകയായിരുന്നു.
തുടർന്നാണ് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുന്നുമ്മൽ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളുടെ സഹകരണത്തോടെ ഈ കെട്ടിടത്തിൽ ജനകീയമായി 14 മെഷീനുകളുള്ള ഡയാലിസിസ് സെന്റർ തുടങ്ങിയത്. പിന്നീടിത് സർക്കാർ അനുമതിയോടെ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഏറ്റെടുത്തു. ഇതോടെ പുതിയ കെട്ടിടത്തിന് അന്നത്തെ എം.എൽ.എ പാറക്കൽ അബ്ദുല്ല പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചു.
തുടർന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ 64 ലക്ഷവും ട്രീറ്റ്മെന്റ് പ്ലാന്റ് പണിയാൻ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 75 ലക്ഷവും അനുവദിച്ചു. എന്നാൽ, ഇവിടെ ദിവസം മൂന്ന് ഷിഫ്റ്റുകളിലായി നിരവധി രോഗികൾ ഡയാലിസിസ് ചെയ്യുന്നുണ്ടെന്നും അവിടെ ഉപയോഗിക്കുന്ന മെഷീനുകളും ആർ.ഒ പ്ലാന്റും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള പ്രവൃത്തി നടത്തണമെന്നും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. ചന്ദ്രി പറഞ്ഞു. ഈ പ്രവൃത്തി നടക്കുമ്പോൾ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് മറ്റെവിടെയെങ്കിലം സൗകര്യമൊരുക്കേണ്ടി വരുമെന്നും അതിന്റെ തയാറെടുപ്പിലാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.