നിർമാണത്തിലെ അപാകത കാരണം പൊളിക്കാൻ നിർദേശിച്ച തോട്ടത്താങ്കണ്ടിക്കടവ് പാലം അപ്രോച് റോഡിന്റെ സൈഡ് ഭിത്തി
കുറ്റ്യാടി: ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറ്റ്യാടി പുഴയിലെ തോട്ടത്താങ്കണ്ടിക്കടവിൽ നിർമിക്കുന്ന പാലത്തിന്റെ അപ്രോച് റോഡ് നിർമാണത്തിൽ അപാകതയെന്ന്. നാട്ടുകാരുടെ പരാതിയെതുടർന്ന് സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് അധികൃതർ സൈഡ് ഭിത്തി പൊളിച്ചു മാറ്റിപ്പണിയാൻ കരാറുകാരോട് നിർദേശിച്ചു.
ചങ്ങരോത്ത് ഭാഗത്ത് തോട്ടത്താങ്കണ്ടിയിൽ നൂറ്റമ്പത് മീറ്ററോളം നീളത്തിൽ നിർമിച്ച ഭിത്തിയാണ് പൊളിക്കുന്നത്. അടിത്തറയിടാതെ പഴയ റോഡിന്റെ സൈഡ് ഭിത്തിയിൽനിന്ന് കെട്ടിപ്പൊക്കിയതായി നാട്ടുകാർ പറഞ്ഞു. പഴയ റോഡിൽനിന്ന് 140 മീറ്റർ വിട്ട് സ്വകാര്യ പറമ്പിൽനിന്നാണ് ഭിത്തി നിർമാണം തുടങ്ങേണ്ടത്.
അതിന് ആവശ്യമായ സ്ഥലം പറമ്പുടമ വിട്ടുകൊടുത്തതാണ്. എസ്റ്റിമേറ്റ് പ്രകാരം പണി നടത്തിയില്ലെങ്കിൽ റോഡിന്റെ വീതി കുറയും. വെള്ളക്കൊല്ലികുന്ന്, വലിയാണ്ടിക്കുന്ന് എന്നിവിടങ്ങളിലെ മഴവെള്ളം ഇതിലെയാണ് ഒഴുകുക. അതിനാൽ ഓവുചാലിനും വീതി കൂട്ടണം.
റോഡിന്റെ തെക്ക് ഭാഗത്താണ് ഭിത്തി നിർമാണം തുടങ്ങിയത്. എതിർഭാഗത്തും റോഡിന് സ്ഥലം വിട്ടുനൽകിയിട്ടുണ്ട്. ഭിത്തികെട്ടി നിലവിലെ റോഡ് മണ്ണിട്ട് ഉയർത്തും. പഴയ റോഡിൽ നേരത്തെ പ്രളയജലം കയറിയതിനാലാണ് ഉയർത്തുന്നത്. 180 മീറ്ററിലാണ് തോട്ടത്താങ്കണ്ടി ഭാഗത്ത് അപ്രോച് റോഡ് നിർമിക്കുന്നത്. മരുതോങ്കര ഭാഗത്ത് 480 മീറ്റർ ദൂരവുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.