അമ്പലക്കുളങ്ങരയിൽ കോൺഗ്രസ് ഓഫിസിന് ബോംബേറ്

കുറ്റ്യാടി: അമ്പലക്കുളങ്ങരയിൽ കോൺഗ്രസ് മണ്ഡലം ആസ്ഥാനമായ കോൺഗ്രസ് ഭവന് നേരെ ബോംബേറ്. ബുധനാഴ്ച പുലർച്ച ഒന്നരക്കാണ് കുറ്റ്യാടി റോഡിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിന് സ്റ്റീൽ ബോംബെറിഞ്ഞത്.

ചില്ല് ഫ്രെയിമുകളും മേൽക്കൂരയിലെ ടിൻഷീറ്റും തകർന്നു. കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥലം സന്ദർശിച്ചു. കോൺഗ്രസ് ഓഫിസുകൾ ബോംബെറിഞ്ഞ് തകർത്തും നാട്ടിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുളള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ വസ്തുതകളും പുറത്തുവന്നപ്പോൾ അതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം ആക്രമണങ്ങൾ. ഇതിനെ എല്ലാ ജനാധിപത്യവിശ്വാസികളും ചെറുത്തുതോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എലിയാറ ആനന്ദൻ തുടങ്ങിയവർ അനുഗമിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് അമ്പലക്കുളങ്ങരയിൽ പ്രകടനവും സംഗമവും നടത്തി.

യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. രാജൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ബ്ലോക്ക് പ്രസിഡൻറ് മരക്കാട്ടേരി ദാമോദരൻ, സെക്രട്ടറി ഏലിയാറ ആനന്ദൻ, പി.പി. അശോകൻ, എം.ടി. രവീന്ദ്രൻ, വി.എം. കുഞ്ഞിക്കണ്ണൻ, കുനിയിൽ അനന്തൻ, ടി.പി. വിശ്വനാഥൻ, വനജ ഒതയോത്ത്, ഒ.പി. അഷ്റഫ് എന്നിവർ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.