കുറ്റ്യാടി നാദാപുരം റോഡിലെ പമ്പിൽ വാഹനങ്ങളുടെ നിര

ഗ്യാസിന് ക്ഷാമം; സി.എൻ.ജി ഓട്ടോകൾ പ്രതിസന്ധിയിൽ

കുറ്റ്യാടി: ഗ്യാസ് ലഭ്യമാകാൻ സൗകര്യമില്ലാത്തതിനാൽ സി.എൻ.ജി ഓട്ടോകൾ ഇന്ധനം കിട്ടാതെ പ്രതിസന്ധിയിൽ. വടകര താലൂക്കിൽ കുറ്റ്യാടിയിൽ ഒരു പമ്പിൽ മാത്രമാണ് സി.എൻ.ജി എത്തുന്നത്. ഇവിടെ മണിക്കൂറുകൾ കാത്തുകിടന്നാൽ മാത്രമാണ് ഓട്ടോകൾക്ക് ഗ്യാസ് കിട്ടുക.

പ്രകൃതിസൗഹൃദ ഇന്ധനമായ സി.എൻ.ജിയുടെ ഗുണങ്ങളും ലാഭവും സംബന്ധിച്ച അറിയിപ്പുകൾ കാണുകയും ഡീസൽ, പെട്രോൾ വില കുതിച്ചുയരുകയും ചെയ്തതോടെ വടകര താലൂക്കിലെ നിരവധി ഓട്ടോകൾ സി.എൻ.ജിയിലേക്കു മാറി. പുതുതായി ഇറങ്ങിയ 90 ശതമാനം ഓട്ടോകളും സി.എൻ.ജിയായതോടെ താലൂക്കിലെ എല്ലാ ടൗണുകളിലും സി.എൻ.ജി ഓട്ടോകൾ വർധിച്ചു. എന്നാൽ, താലൂക്കിൽ കുറ്റ്യാടി നാദാപുരം റോഡിലെ പമ്പിൽ മാത്രമാണ് സി.എൻ.ജി ലഭിക്കുന്നത്.

ആയിരത്തോളം ഓട്ടോകളും മറ്റ് സി.എൻ.ജി വാഹനങ്ങളും ഈ പമ്പിനെ മാത്രമാണ് ആശ്രയിക്കുന്നത്. പുലർച്ച രണ്ടു മണി മുതൽ ഓട്ടോകൾ പമ്പിലെത്തി ക്യൂ നിന്നാൽ മാത്രമാണ് ഗ്യാസ് ലഭിക്കുക. ആവശ്യമായ ട്രാൻസ്ഫോർമർ ഇല്ലാത്തതിനാൽ ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാത്തതിനാൽ പമ്പിൽനിന്ന് ആവശ്യത്തിന് ഗ്യാസ് കംപ്രസ് ചെയ്ത് ഓട്ടോയുടെ സിലിണ്ടറിലേക്ക് നിറക്കാൻ കഴിയുന്നില്ലെന്നും തൊഴിലാളികൾ പറഞ്ഞു. പമ്പിലേക്ക് എറണാകുളത്തുനിന്നെത്തുന്ന സി.എൻ.ജി സിലിണ്ടർ ഘടിപ്പിച്ച ലോറിയിൽനിന്നാണ് ഗ്യാസ് വിതരണം ചെയ്യുന്നത്.

ഇത്തരത്തിൽ ഒരു വാഹനമാണ് കുറ്റ്യാടിയിൽ എത്തുന്നത്. ഓട്ടോകളുടെ നീണ്ട ക്യൂ ഉള്ള അവസരങ്ങളിൽ അവസാനമെത്തുന്ന വണ്ടികൾക്ക് ഗ്യാസ് ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഒരു ദിവസം രണ്ടു ലോഡ് ഗ്യാസ് എങ്കിലും കുറ്റ്യാടിയിൽ എത്തിക്കണമെന്നും ഓട്ടോതൊഴിലാളികൾ ആവശ്യപ്പെടുന്നു. വടകര താലൂക്കിൽ കുറ്റ്യാടി കൂടാതെ മറ്റു സ്ഥലങ്ങളിലെ പമ്പുകളിലും സി.എൻ.ജി വിതരണം ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്.

Tags:    
News Summary - CNG Autos in Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.