കുറ്റിക്കാട്ടൂരിൽ ഉപയോഗശൂന്യമായ കിണറിലെ മാലിന്യത്തിലെ തീ അഗ്നിരക്ഷാസേനയെത്തി അണക്കുന്നു
കുറ്റിക്കാട്ടൂർ: മേലേ വിരിപ്പാടത്ത് പ്ലാസ്റ്റിക് മാലിന്യത്തിന് തീയിട്ടതിനെ തുടർന്ന് കടുത്ത പുകയും രൂക്ഷഗന്ധവും കാരണം നാട്ടുകാർ ദുരിതത്തിലായി. കനറാ ബാങ്കിന് പിൻവശത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കിണറ്റിൽ മാലിന്യം തള്ളി തീയിട്ടതാണ് പ്രശ്നങ്ങൾക്കു കാരണം.
വ്യാഴാഴ്ച ഉച്ചയോടെ കനത്ത പുകയും രൂക്ഷഗന്ധവും ഉയർന്നതോടെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പരിസരത്തെ വീട്ടുകാർ ചേർന്ന് വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പലതവണ തീ പടരുകയും പുക ഉയരുകയുംചെയ്തു.
രാത്രി 10ഓടെ പുകയും അസഹ്യമായ ഗന്ധവും കനക്കുകയും ആളുകൾക്ക് അസ്വസ്ഥതയും ശ്വാസംമുട്ടലും അനുഭവപ്പെടുകയുമായിരുന്നു. പലർക്കും ആശുപത്രികളിൽ ചികിത്സ തേടേണ്ടിവന്നു. പ്രശ്നം ഗുരുതരമായതോടെ പ്രദേശവാസികൾ സ്വന്തം വീടുകൾ വിട്ട് റോഡിലിറങ്ങി പ്രതിഷേധിച്ചു.
സാന്ത്വനം റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ പരാതിയിൽ ജില്ല കലക്ടർ ഇടപെടുകയും മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തുകയും വെള്ളിമാടുകുന്നിൽനിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തുകയുമായിരുന്നു. ഏറെ പരിശ്രമത്തിനുശേഷം വെള്ളിയാഴ്ച പുലർച്ചയോടെയാണ് തീയും പുകയും ശമിപ്പിക്കാനായത്. സ്ഥലമുടമയുമായി ബന്ധപ്പെട്ടെങ്കിലും സ്ഥലത്തെത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിനെതിരെ സ്ഥലമുടമക്ക് പിഴ ചുമത്തുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. നിയമനടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളജ് പൊലീസും അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.