18 വർഷം മുമ്പ് നടന്ന വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന അബ്​ദുല്‍മജീദിന് നാട് വിട നൽകി

എകരൂല്‍: 18 വർഷം മുമ്പ് നടന്ന വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ കപ്പുറം ചെറുവാലത്ത് പൊയില്‍ അബ്​ദുല്‍ മജീദിന് (57) നാട് വിട നൽകി. ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അയല്‍വാസിയെ സന്ദര്‍ശിക്കാന്‍ പാലങ്ങാട് മോട്ടോര്‍സി​ൻെറ ബസില്‍ സഞ്ചരിക്കവേ 2002 സെപ്റ്റംബര്‍ 10 നാണ് 39ാം വയസ്സില്‍ മജീദി​ൻെറ ജീവിതത്തിന് കരിനിഴല്‍ വീഴ്ത്തിയ അപകടം നടന്നത്. എകരൂലിന് സമീപം നടന്ന അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളര്‍ന്ന മജീദിനെ വർഷങ്ങളോളം വിവിധ ആശുപത്രികളില്‍ ചികിത്സിച്ചെങ്കിലും ചലനശേഷി വീണ്ടെടുക്കാനായില്ല. കപ്പുറത്തെ വീട്ടില്‍ കിടപ്പിലായതോടെ പുസ്​തകങ്ങളായിരുന്നു ഇദ്ദേഹത്തിന് കൂട്ട്. ചരിത്രം, നോവലുകള്‍, കഥകള്‍ തുടങ്ങി നൂറുകണക്കിന് ആനുകാലികങ്ങളാണ് രോഗശയ്യയില്‍ കിടന്ന് ഇദ്ദേഹം വായിച്ചു തീര്‍ത്തത്. കൈകള്‍ക്ക് സ്വാധീനക്കുറവുണ്ടായിരുന്ന ഇദ്ദേഹത്തിന് കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന വീല്‍ചെയറില്‍ സഞ്ചരിക്കുക ദുഷ്​കരമായിരുന്നു. അങ്ങാടിയിലെ വായനശാലയിലും പ്രാർഥനക്ക് പള്ളിയിലും സഞ്ചരിക്കാന്‍ കപ്പുറം മേഴ്സി ഫൗണ്ടേഷൻ പ്രവർത്തകർ നൽകിയ വീൽചെയറായിരുന്നു ആശ്രയം. വായനയോടൊപ്പം, തന്നെപ്പോലെ ജീവിതം തകര്‍ന്ന, സംസ്ഥാനത്തെ ധാരാളം ആളുകളുമായി സംവദിക്കാനും ഇദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്​ച രാത്രിയാണ് മരിച്ചത്. കോവിഡ് രോഗ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ബന്ധുക്കളും അയൽവാസികളും അന്ത്യോപചാരത്തിനെത്തിയത്. ഞായറാഴ്​ച രാത്രി വൈകി കപ്പുറം പഴയ ജുമാമസ്​ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.