മേപ്പയൂരിന് ആശ്വാസം: ആൻറിജൻ ടെസ്​റ്റ്​ നടത്തിയ 45 പേരുടെ പരിശോധന ഫലവും നെഗറ്റിവ്

മേപ്പയൂർ: കോവിഡ് ഭീതിയിലായിരുന്ന മേപ്പയൂർ പഞ്ചായത്തിന് ആശ്വാസമായി ആൻറിജൻ പരിശോധന നടത്തിയ 45 പേരുടെയും ഫലം നെഗറ്റിവ്. പഞ്ചായത്ത് ജീവനക്കാർ, പഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. റീന ഉൾ​െപ്പടെ ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന തൊഴിലുറപ്പ് ജീവനക്കാരിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നവരുടെ പരിശോധന ഫലമാണ് നെഗറ്റിവായത്. സാമൂഹിക വ്യാപന സാധ്യത പരിശോധിക്കുന്നതിനായി പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗങ്ങളിൽപെട്ട 43 പേരെ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കി. സ്രവ സാമ്പ്​ളുകൾ ലാബ് പരിശോധനക്കു ശേഷം രണ്ടു ദിവസത്തിനകം ഫലമറിയാൻ കഴിയുമെന്ന് ആരോഗ്യ വകുപ്പ്​ അധികൃതർ പറഞ്ഞു. മേപ്പയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിശോധനക്ക് മെഡിക്കൽ ഓഫിസർ കെ. മഹേഷ്, ഡോ. സോണി ദേവസ്യ, പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലെ ഡോ. രാഘവേന്ദ്ര, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, കെ.എച്ച്.ഐമാരായ കെ.പി. പ്രജീഷ്, എ.എം. രാകേഷ് എന്നിവർ നേതൃത്വം നൽകി. പേരാമ്പ്രയിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘവും കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും ചേർന്ന് മേപ്പയൂർ പഞ്ചായത്ത് ഓഫിസ് അണുനശീകരണം നടത്തി. പഞ്ചായത്ത് ഓഫിസ് കലക്ടറുടെ നിർദേശത്തിനനുസരിച്ച് തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചേക്കും. മുഴുവൻ വാർഡുകളും കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് പഞ്ചായത്ത് അതിർത്തികൾ അടച്ചതായി റവന്യൂ അധികൃതരും മേപ്പയൂർ പൊലീസും അറിയിച്ചു. റവന്യൂ, പൊലീസ് സ്ക്വാഡുകൾ പട്രോളിങ്​ നടത്തുന്നുണ്ട്. ജനങ്ങൾ ഗൗരവം മനസ്സിലാക്കി സഹകരിക്കുന്നുണ്ടെന്ന് മേപ്പയൂർ വില്ലേജ് ഓഫിസർ സുബ്രഹ്മണ്യൻ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച കള്ളുഷാപ്പ് നടത്തിപ്പുകാരൻ ജൂലൈ 17ന് മഞ്ഞക്കുളത്തെ മരണവീട് സന്ദർശിച്ചത് കാരണം സമ്പർക്കപ്പട്ടികയിലായവർ ക്വാറൻറീനിൽ പ്രവേശിച്ചിരിക്കയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.