ജീവനക്കാരിക്ക് കോവിഡ്: മലബാർ മെഡിക്കൽ കോളജിലെ 33 പേർ ക്വാറൻറീനിൽ

ഉള്ള്യേരി: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന 33 ജീവനക്കാരോട് സ്വന്തം വീടുകളിൽ ക്വാറൻറീനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ ക്ലിനിക്കൽ ഫാർമസിസ്​റ്റായ ഉണ്ണികുളം സ്വദേശിയായ യുവതിക്കാണ് കഴിഞ്ഞദിവസം ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പോസിറ്റിവായത്. ഇവർ വെള്ളിയാഴ്ച വരെ ആശുപത്രിയിൽ ഉണ്ടായിരുന്നു. 80 പേർക്ക് പരിശോധന നടത്തിയിരുന്നെങ്കിലും ഇവർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ രോഗത്തി​ൻെറ ഉറവിടം വ്യക്തമായിട്ടില്ല. ആശുപത്രിയിൽ 200ഓളം പേരുടെ പരിശോധനക്കുള്ള നടപടികളെടുത്തിരുന്നു. ഇതിൽ ആദ്യ ബാച്ചിൽപെട്ടവർക്കാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. അവശേഷിക്കുന്നവർക്ക് ചൊവ്വാഴ്ച പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ച യുവതിയുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയ ജീവനക്കാർ ആശുപത്രിയിൽതന്നെ നിരീക്ഷണത്തിലായിരുന്നു. റേഡിയോളജി, ഫാർമസി ജീവനക്കാർ, അറ്റൻഡർമാർ, ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവരാണ് ഇവർ. അതേസമയം, ഇവരോട് വീടുകളിൽ ക്വാറൻറീനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയതായി അത്തോളി മെഡിക്കൽ ഓഫിസർ അറിയിച്ചു. ആശുപത്രിയിൽ എല്ലാവിധ മുൻകരുതലുകളും നേരത്തെതന്നെ സ്വീകരിച്ചിരുന്നതായും ആശുപത്രി പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.