വൈദ്യരങ്ങാടിയിലെ പ്രാഥമിക സമ്പർക്കം; 23 പേർ ക്വാറൻറീനിൽ

രാമനാട്ടുകര: രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ള 23 പേരെ വൈദ്യരങ്ങാടിയിൽ ക്വാറൻറീനിലാക്കി. വൈദ്യരങ്ങാടിയിൽ സമ്പർക്കത്തിലൂടെ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മേഖലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതയിലായത്. വൈദ്യരങ്ങാടിയിലെയും 11ാം മൈലിലെയും കടകൾ അധികൃതർ അടപ്പിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ കുടുംബത്തിലെ അംഗങ്ങൾക്കാണ് ഇപ്പോൾ കോവിഡ് ബാധയുള്ളത്. ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന മുഴുവൻ ആളുകളുടെയും ആൻറി ജൻ പരിശോധന നടത്തും. ജില്ല അതിർത്തി കൂടി ആയതിനാൽ സമീപ ഗ്രാമപഞ്ചായത്തായ ചെറുകാവിലെ ആരോഗ്യവിഭാഗത്തിനും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ നാലു ക്യാമ്പുകളിലായി നഗരസഭയിൽ 260 പേരുടെ സ്രവം പരിശോധിച്ചതിൽ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് പ്രോട്ടോ​കോൾ, ക്വാറൻറീൻ എന്നിവ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ നിരീക്ഷണം ശക്തിപ്പെടുത്താനും രോഗവ്യാപനം തടയുന്നതിന് നിയന്ത്രണം കടുപ്പിക്കാനും നഗരസഭയും ആരോഗ്യവകുപ്പും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.