തൂണേരി 143, വാണിമേലിൽ 70 പേരുടെയും ഫലം നെഗറ്റിവ്

നാദാപുരം: ജില്ലയിലെ ഏറ്റവും വലിയ കോവിഡ് ക്ലസ്​റ്ററായ തൂണേരി പഞ്ചായത്തിന്​ ആശ്വാസമേകി ആർ.ടി.പി.സി.ആർ പരിശോധനയിൽ 143 പേരുടെ ഫലം നെഗറ്റിവായി. വാണിമേലിൽ 70 പേരുടെ പരിശോധന ഫലവും നെഗറ്റിവാണ്​. തൂണേരിയിൽ മരണവീട്ടിലെ സമ്പർക്കത്തിലൂടെ 80ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ ആരോഗ്യ വകുപ്പും പൊലീസും ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനമാണ് പഞ്ചായത്തിൽ നടത്തിയത്. കർശന നടപടി രോഗവ്യാപനം നിയന്ത്രിക്കാൻ സഹായകമായെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തൽ. സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ച വാണിമേൽ പഞ്ചായത്തിൽ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് 70 പേരുടെ ഫലം നെഗറ്റിവായത്. അമ്പതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ച ചെക്യാട് പഞ്ചായത്തിൽ തിങ്കളാഴ്ച ആർ.ടി.പി.സി.ആർ പരിശോധന നടത്തും. വളയത്ത് 42 പേരുടെ സ്രവം ശനിയാഴ്​ച പരിശോധനക്കെടുത്തു. പരിശോധന റിപ്പോർട്ട് രണ്ടു ദിവസത്തിനകം ലഭ്യമാകും. ആർ.ആർ.ടി അംഗത്തിന് രോഗം ബാധിച്ചതിനെ തുടർന്ന് ഇത് മൂന്നാം തവണയാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ രണ്ടു തവണ നടത്തിയ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റിവായിരുന്നു. ആർ.ആർ.ടി അംഗം സുഖം പ്രാപിച്ചിരുന്നു. ചെക്യാട് കഴിഞ്ഞദിവസം ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചിരുന്നു. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിപ്പിനു പോയ യുവാവിനാണ് രോഗമുണ്ടായത്. വാർഡിലെ നഴ്​സിന് രോഗബാധയുണ്ടായതോടെ സമ്പർക്കപ്പട്ടികയിലുള്ള ഇയാൾക്കും രോഗം സ്​ഥിരീകരിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.