പേരാമ്പ്ര മത്സ്യ മാർക്കറ്റ് അടച്ചിട്ട് 10 ദിവസം; തൊഴിലാളികൾ

പേരാമ്പ്ര: സംഘർഷത്തെ തുടർന്ന് പേരാമ്പ്ര മത്സ്യമാർക്കറ്റ് അടച്ചിട്ട് 10 ദിവസമായിട്ടും തുറന്നുപ്രവർത്തിക്കാനുള്ള ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന് പരാതി. ഓണത്തിന് മാർക്കറ്റ് തുറക്കാത്തത് പൊതുജനങ്ങൾക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. ഏറ്റവും അധികം മത്സ്യവിൽപന നടക്കുന്ന മാർക്കറ്റാണ് പേരാമ്പ്രയിലേത്. നിത്യേന രണ്ടായിരത്തിലധികം ആളുകൾ മത്സ്യം വാങ്ങുന്നുണ്ട്. മൂന്ന് ക്വിൻറലിലധികം മത്സ്യം ചെലവാകുന്നുണ്ട്. നൂറിലധികം തൊഴിലാളികളാണ് ഇവിടെ കച്ചവടം നടത്തുന്നത്. മാർക്കറ്റ് അടച്ചതോടെ പലരും പട്ടിണിയുടെ വക്കിലാണ്. ഈമാസം 20നാണ് മാർക്കറ്റിലെ തൊഴിലാളികളും -സി.ഐ.ടി.യു -സി.പി.എം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. തുടർന്ന് കലക്ടറുടെ ഉത്തരവ് പ്രകാരം മാർക്കറ്റ് അടക്കുകയും പേരാമ്പ്രയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നിരോധനാജ്ഞ കഴിഞ്ഞദിവസം പിൻവലിച്ചെങ്കിലും മാർക്കറ്റ് തുറക്കാനുള്ള അനുമതിയില്ല. സി.ഐ.ടി.യു നേതൃത്വത്തിൽ മത്സ്യമാർക്കറ്റിൽ കച്ചവടം ചെയ്യാനെത്തിയ പുതിയ തൊഴിലാളികളെ നിലവിലെ തൊഴിലാളികൾ എതിർത്തതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാതെ മാർക്കറ്റ് അനിശ്ചിതമായി അടച്ചിടുന്നത് ശരിയല്ലെന്ന നിലപാടാണ് നാട്ടുകാർക്കുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.