കെ-റെയിൽ പരാജയപ്പെട്ടാൽ ബാധ്യത സംസ്ഥാനംഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്രം

എ. ബിജുനാഥ് കോഴിക്കോട്: സിൽവർലൈൻ വേഗ റെയിൽ പദ്ധതി പരാജയപ്പെട്ടാൽ സാമ്പത്തിക ബാധ്യതകൾ മുഴുവനും സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടിവരുമെന്ന് കേന്ദ്ര സാമ്പത്തിക കാര്യ വിഭാഗം. പ്രതിരോധ സമിതി രക്ഷാധികാരി എം.ടി. തോമസ് വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിലാണ് സംസ്ഥാന സർക്കാറിൻെറ ബാധ്യത വിശദീകരിച്ച കത്തിൻെറ വിവരം ലഭിച്ചത്​. ഭാവിയിൽ പദ്ധതിയിൽ വരുന്ന നഷ്​ടങ്ങളെല്ലാം സംസ്ഥാന സർക്കാറും റെയിൽവേയും വഹിക്കുമെന്ന ഉറപ്പുവേണമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ആവശ്യ​െപ്പട്ടത്. ഉറപ്പു നൽകിയാൽ മാത്രമേ വിദേശ ഫണ്ട് ലഭ്യമാക്കൂ എന്നാണ് ഉന്നത ഉദ്യോഗസ്ഥർ രേഖാമൂലം അറിയിച്ചത്. ഇതോടെ വൻ സാമ്പത്തിക ബാധ്യത വരുന്ന പദ്ധതിയായതിനാൽ റെയിൽവേ മന്ത്രാലയത്തിൽനിന്ന്​ കെ-റെയിൽ പദ്ധതിക്ക് സാമ്പത്തിക പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായി. പദ്ധതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വി.പി. ജോയ് റെയിൽവേ ബോർഡ് ചെയർമാനെ കണ്ട് ചർച്ച നടത്തിയിരുന്നു. എന്നാൽ, സ്ഥലമേറ്റെടുപ്പുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോവാൻ തീരുമാനിച്ചിരിക്കുകയാണ്. റവന്യൂ വകുപ്പിൽ​ നിന്നും സ്ഥലമെടുപ്പിന് ആവശ്യമായ യൂനിറ്റ് രൂപവത്കരിക്കുന്നതിനും സാമൂഹികാഘാത പഠനത്തിനും വേണ്ടി അനുമതിക്കായി കാത്തിരിക്കുകയാണ്. സ്ഥലമെടുപ്പിന് ആവശ്യമായ ചെലവിനാവശ്യമായ 300 കോടി ലഭ്യമാവുന്നതിന് സാമ്പത്തിക വകുപ്പിന് കേരള റെയിൽ വികസന കോർപറേഷൻ (കെ.ആർ.ഡി.സി.എൽ ) അപേക്ഷ നൽകിയിട്ടുണ്ട്. പദ്ധതിക്കാവശ്യമായ 2100 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന ഗവൺമൻെറും കേന്ദ്ര റെയിൽവേയും സംയുക്തമായി കിഫ്ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ നിർമാണച്ചെലവ് സംബന്ധിച്ച ആശങ്ക നിതി ആയോഗ് നേരത്തേ ഉന്നയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.