ഫോൺ വായ്​പാപദ്ധതി ആവശ്യക്കാർക്ക് ലഭിക്കുന്നില്ല

p3 നാദാപുരം: ഓൺലൈൻ പഠനത്തിന് വിദ്യാർഥികൾക്ക് ഫോൺ ലഭ്യമാക്കാൻ സർക്കാർ ആവിഷ്കരിച്ച ഫോൺ വായ്​പാപദ്ധതി ആവശ്യക്കാർക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം. സർവിസ് സഹകരണ ബാങ്കുകൾക്കാണ് പലിശരഹിത ഫോൺ വായ്പാപദ്ധതി നടപ്പിലാക്കാനുള്ള ചുമതല സർക്കാർ നൽകിയിരിക്കുന്നത്. ഫോണില്ലാതെ പഠനത്തിന് പ്രയാസം അനുഭവിക്കുന്ന വിദ്യാർഥിക്ക് 10,000 രൂപ പദ്ധതിയിലൂടെ ഫോൺ വാങ്ങാനായി വായ്​പ ലഭിക്കും. രണ്ടു വർഷത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി. സ്കൂൾ അധികൃതർ വിദ്യാർഥി പഠിക്കുന്ന വിദ്യാലയത്തെ കുറിച്ച് നൽകുന്ന സാക്ഷ്യപത്രമാണ് പ്രധാന രേഖയായി സമർപ്പിക്കേണ്ടത്. സഹകരണ ബാങ്കിലെ എ ക്ലാസ് മെംബർഷിപ്പുള്ള രണ്ടുപേരുടെ ജാമ്യവും വേണം. അവസരം മുതലെടുത്ത് ബാങ്കുമായി അടുപ്പമുള്ളവരും മറ്റും അനർഹരായ വിദ്യാർഥികളുടെ പേരിൽ അപേക്ഷ നൽകി ഫോൺ കരസ്ഥമാക്കുകയാണെന്നാണ് ആക്ഷേപം. ഇതേ തുടർന്ന് യഥാർഥ ആവശ്യക്കാരായി എത്തുന്ന പലർക്കും ആനുകൂല്യം നിഷേധിക്കപ്പെടുകയാണ്. ഒരു ബാങ്ക് മുഖേന നൂറിൽ താഴെ വായ്​പയാണ്​ നൽകുന്നത്. എന്നാൽ, ഇതിലും കൂടുതൽ അപേ ക്ഷകളാണ് ബാങ്കുകളിൽ എത്തുന്നത്. അപേക്ഷകരെ കുറിച്ചുള്ള അന്വേഷണത്തിനോ സ്​ക്രീനിങ്ങിനോ സംവിധാനമില്ല. ഈ പഴുതിലൂടെയാണ് ബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ച് പദ്ധതി അട്ടിമറിക്കപ്പെടുന്നത്. കൂടാതെ ഫോൺ നൽകാൻ ഏതെങ്കിലും ഫോൺ വിൽപനശാലയുടെ അംഗീകൃത ബിൽ വേണമെന്നുണ്ട്​. ഇത്തരം ബിൽ ലഭിക്കാൻ ഉപഭോക്താവിൽനിന്ന്​ 750 രൂപ വരെ അധിക ചാർജ് ഈടാക്കി വിൽപന നടത്തുന്നവരും ഉണ്ട്. വിദ്യാർഥികളുടെ ക്ഷേമം മുന്നിൽ കണ്ട്​ കൊണ്ടുവന്ന പദ്ധതി ഫലത്തിൽ ചൂഷണത്തിന്​ വിധേയമായിരിക്കുകയാണ്. സ്കൂളുകളുടെ ശിപാർശയുള്ളവർക്ക് മാത്രം ഫോൺ ലഭ്യമാക്കാനുള്ള നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യമാണ് അർഹരായ രക്ഷിതാക്കൾ ഉയർത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.