മാമ്പറ്റ-വട്ടോളിപറമ്പ് റോഡ് നവീകരണം; കൈയേറ്റം കണ്ടെത്താൻ സർവേ തുടങ്ങി

മുക്കം: റോഡിലെ കൈയേറ്റം കണ്ടെത്തുന്നതിനായി പരിശോധന നടപടികൾ ആരംഭിച്ചു. വ്യാപകമായി കൈയേറ്റം നടന്നതായി പരാതി ഉയർന്ന മാമ്പറ്റ- വട്ടോളിപറമ്പ് റോഡിലാണ് റവന്യു-പൊതുമരാമത്ത് ഉദ്യോഗസ്ഥർ സംയുക്തമായി സർവേ നടപടികൾ ആരംഭിച്ചത്. റോഡി​ൻെറ നവീകരണത്തിനായി തുക അനുവദിക്കുകയും, പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ റോഡിൽ പല ഭാഗത്തും ആവശ്യത്തിന് വീതിയില്ലാത്ത പശ്ചാത്തലത്തിലാണ് സർവേ നടത്തുന്നത്. മാമ്പറ്റ മുതൽ വട്ടോളിപറമ്പ് വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് നാല് കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. കഴിഞ്ഞ സെപ്​റ്റംബറിൽ റോഡി​ൻെറ നവീകരണ പ്രവൃത്തി ആരംഭിച്ചെങ്കിലും വീതിയില്ലാത്തതിനാൽ ഓവുചാൽ നിർമാണമടക്കമുള്ള പ്രവൃത്തി പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ ആഴ്ച റോഡ് പ്രവൃത്തി വിലയിരുത്തുന്നതിനായി ലിൻഡോ ജോസഫ് എം.എൽ.എ സ്ഥലം സന്ദർശിച്ചപ്പോൾ റോഡിലെ കൈയേറ്റം ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതി​ൻെറ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട വകുപ്പുകൾ ചേർന്ന് സർവേ നടത്തിയത്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ്ങും ഓവുചാലുകളും കലുങ്കുകളും ടൈൽ വിരിച്ച നടപ്പാതയും ഹാൻഡ് റെയിലും ഉൾപ്പെടെ വികസന പ്രവൃത്തികൾ നടക്കും. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയുടെ ഭാഗമായ മുക്കം- താമരശേരി റോഡി​ൻെറ സമാന്തര പാത കൂടിയാണിത്. സംസ്ഥാന പാതയിലെ മുക്കത്തിനും താമരശേരിക്കും ഇടയിൽ ഗതാഗത തടസ്സമുണ്ടായാൽ വാഹനങ്ങൾ കടന്നു പോകുന്നത് ഇതുവഴിയാണ്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും സംസ്ഥാന പാതയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായപ്പോൾ വാഹനങ്ങൾ കടന്നുപോയത് ഇതുവഴിയാണ്. മലബാറിലെ പാട്ടുത്സവങ്ങളിൽ പ്രസിദ്ധമായ വട്ടോളി ദേവി ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കും ഏറെ ഉപകാരപ്പെടുന്നതാണ് റോഡ്. താലൂക്ക് സർവെയർ മൈമൂന, പി.ഡബ്ല്യു.ഡി ഓവർസിയർ ജിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ്​ സർവേ നടപടികൾ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.